മാഞ്ചസ്റ്റര്‍: നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനത്തിനിടെ തലയില്‍ പന്തുകൊണ്ട ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് പുറത്ത്. അവസാന നിമിഷമാണ് സ്മിത്തിനെ ഒഴിവാക്കാന്‍ ഓസീസ് തീരുമാനിച്ചത്.

സ്മിത്തിന് പരിക്കേറ്റിട്ടില്ലെങ്കിലും മുന്‍കരുതലെന്ന നിലക്കാണ് താരത്തെ ആദ്യ ഏകദിനത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്ന് ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്റ് അറിയിച്ചു. വ്യാഴാഴ്ച നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗം ത്രോ ചെയ്ത പന്താണ് സ്മിത്തിന്റെ തലയില്‍ കൊണ്ടത്. ഞായറാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തില്‍ സ്മിത്ത് ഓസീസിനായി കളിക്കുമോ എന്നകാര്യം ഓസീസ് വ്യക്തമാക്കിയിട്ടില്ല.

സ്മിത്തിന് പകരം മാര്‍ക്കസ് സ്റ്റോയിനസാണ് ഓസീസിനായി മൂന്നാം നമ്പറില്‍ ബാറ്റിംഗിനറങ്ങിയത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സ്മിത്തിന് പരിക്കേറ്റത് റോയല്‍സിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.