സിഡ്നി: സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് ഏത് മത്സരത്തിലും ഒരു ബൗളറെ സംബന്ധിച്ച് പ്രൈസ് വിക്കറ്റാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്മിത്തിനെ വീഴ്ത്തുക എന്നത് ഏത് ബൗളറെ സംബന്ധിച്ചിടത്തോളവും വലിയ വെല്ലുവിളിയും. സാങ്കേതികത്തികവിനെക്കാളുപരി ക്രീസില്‍ പ്രായോഗികതക്ക് പ്രാധാന്യം നല്‍കുന്ന സ്മിത്തിന്റെ ശൈലിയും ഫൂട്ട്‌വര്‍ക്കും ബൗളര്‍മാര്‍ക്ക് എപ്പോഴും തലവേദനയാണ് സൃഷ്ടിക്കാറുള്ളത്.

അതുകൊണ്ടുതന്നെ സ്മിത്തിന് വെല്ലുവിളിയായ ബൗളര്‍മാര്‍ ആരൊക്കെയാകുമെന്നറിയാനുള്ള ആകാംക്ഷ എപ്പോഴും ആരാധകര്‍ക്കുണ്ട്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവില്‍ ആരാധകരുമായി സംവദിക്കവെ താന്‍ നേരിട്ടതില്‍ എറ്റവും കഴിവുള്ള ബൗളറെക്കുറിച്ച് സ്മിത്ത് തുറന്നു പറഞ്ഞു. പാക് പേസറായ മുഹമ്മദ് ആമിറാണ് കരിയറില്‍ താന്‍ നേരിട്ടതില്‍ ഏറ്റവും കഴിവുറ്റ ബൗളറെന്ന് സ്മിത്ത് പറഞ്ഞു.


വാതുവെപ്പ് കേസില്‍ ക്രിക്കറ്റില്‍ നിന്ന് അഞ്ച് വര്‍ഷത്തെ വിലക്ക് നേരിട്ട ആമിര്‍ രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയശേഷം മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്ഥാന് കിരീടം സമ്മാനിച്ചത് ആമിറിന്റെ ബൗളിംഗ് മികവായിരുന്നു. എന്നാല്‍ ഇടക്കാലത്ത് ഫോം മങ്ങിയതോടെ ആമിര്‍ വീണ്ടും ടീമില്‍ നിന്ന് പുറത്തായി. ഇതിനിടെ ഏകദിന,ടി20 ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി ടെസ്റ്റില്‍ നിന്ന് ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഒരുവര്‍ഷത്തെ വിലക്ക് നേരിട്ട സ്മിത്ത് ആകട്ടെ ആഷസിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു.