ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ പട്ടികിയില്‍ നേട്ടമുണ്ടാക്കി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത്. റാങ്കിങ്ങില്‍ കെയ്ന്‍ വില്യംസണെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താന്‍ സ്മിത്തിന് സാധിച്ചു. ആഷസ് പരമ്പരയിലെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് നേടിയ രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയുമാണ് സ്മിത്ത് ഗുണമായത്. അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (922 പോയിന്റ്) ഒന്നാം സ്ഥാനത്ത് തുടരുന്നു.

സ്മിത്തും (913) കോലിയും തമ്മില്‍ ഒമ്പത് പോയിന്റിന്റെ വ്യത്യാസമാണുള്ളത്. വില്യംസണ്‍ (887) മൂന്നാമതാണ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മോശം പ്രകടനമാണ് കിവീസ് ക്യാപ്റ്റന് വിനയായത്. അതേസമയം അതേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ ആദ്യമായി ആദ്യ പത്തിലെത്തി. 716 പോയിന്റോടെ എട്ടാമതാണ് താരം. ആദ്യ പത്തിലുണ്ടായിന്ന ഓസീസ് താരം ഡേവിഡ് 11-ാം സ്ഥാനത്തേക്ക് വീണു.

ബൗളര്‍മാരില്‍ 914 പോയിന്റുമായി ഓസീസ് താരം പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. കരിയറിലെ മികച്ച പോയിന്റാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍. ഇരുവരും യഥാക്രമം അഞ്ച്, പത്ത് സ്ഥാനങ്ങളിലാണ്.