സിഡ്നി: ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ വാനോളം പുകഴ്ത്തി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഏതു ക്യാപ്റ്റന്റെയും സ്വപ്നമാണ് ബെന്‍ സ്റ്റോക്സിനെപ്പോലൊരു കളിക്കാരനെന്നും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം കൂടിയായ സ്മിത്ത് പിടിഐയോട് പറഞ്ഞു.

ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയില്‍ സ്റ്റോക്സ് തിളങ്ങാതിരിക്കട്ടെയെന്ന് പറഞ്ഞ സ്മിത്ത് പക്ഷെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി തന്റെ മികച്ച പ്രകടനം തന്നെ സ്റ്റോക്സ് പുറത്തെടുക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി. റോയല്‍സിലെ സഹതാരങ്ങളായ സ്റ്റോക്സിനും ജോഫ്ര ആര്‍ച്ചര്‍ക്കും ജോസ് ബട്‌ലര്‍ക്കുമെതിരെ കളിക്കാനായി കാത്തിരിക്കുകയാണ്. ഏകദിന പരമ്പരയില്‍ ഇവര്‍ കൂടുതല്‍ റണ്‍സോ വിക്കറ്റോ നേടരുതെന്നാണ് എന്റെ ആഗ്രഹം. അതെല്ലാം അവര്‍ ഐപിഎല്ലിനായി കരുതിവെക്കട്ടെ.


ഓരോ പരമ്പരയിലും കൂടുതല്‍ കരുത്തനാവുന്ന സ്റ്റോക്സിനെയാണ് ഞാന്‍ കാണുന്നത്. ലോകകപ്പിലെ ഉജ്ജ്വല പ്രകടനത്തിനുശേഷം ആഷസിലും ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും സ്റ്റോക്സ് ഒന്നിനൊന്ന് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റിംഗായാലും ബൗളിംഗായാലും ഫീല്‍ഡിംഗായാലും സ്റ്റോക്സിന്റെ മികവ് കൂടിവരുന്നതേയുള്ളു. പ്രതിസന്ധിഘട്ടങ്ങളില്‍ ഏത് ടീമും ആഗ്രഹിച്ചുപോകുന്നത് ഇതുപോലെയുള്ള കളിക്കാരെയാണ്.

ഫെബ്രുവരിക്കുശേഷം മത്സര ക്രിക്കറ്റ് കളിക്കാത്ത ഓസീസ് ഇംഗ്ലണ്ടിനെതിരായ പരമ്പരയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും സ്മിത്ത് പറഞ്ഞു.