സിഡ്‌നി: സ്റ്റീവ് സ്‌മി‌ത്ത് വീണ്ടും ഓസീസ് നായകനാകുമെന്ന പ്രതീക്ഷയര്‍പ്പിച്ച് മുന്‍ ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലര്‍. 'പന്ത് ചുരണ്ടല്‍' വിവാദത്തെ തുടര്‍ന്ന സ്‌മിത്ത് അടക്കമുള്ള താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത സമിതിയില്‍ അംഗമാണ് ടെയ്‌ലര്‍.

'സ്‌മിത്ത് വീണ്ടും ഓസീസ് നായകനാകുമെന്നാണ് പ്രതീക്ഷ. സ്‌മിത്തിനും വാര്‍ണറിനും ബന്‍ക്രോഫ്റ്റിനും എതിരെ നടപടിയെടുത്ത ബോര്‍ഡില്‍ ഞാന്‍ അംഗമായിരുന്നു. കഠിനമായ നാളുകള്‍ക്ക് ശേഷം അദേഹം കൂടുതല്‍ മികച്ച നായകനായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ടെസ്റ്റ് നായകസ്ഥാനം പെയ്‌ന്‍ ഒഴിഞ്ഞാല്‍, അത് ആറ് മാസമോ രണ്ടോ മൂന്നോ വര്‍ഷമോ ആവട്ടെ... അടുത്ത നായകനായുള്ള പോരാട്ടത്തില്‍ സ്‌മിത്തുണ്ടാകും' എന്നും മാര്‍ക്ക് ടെയ്‌ലര്‍ പറഞ്ഞു.  

പന്ത് ചുരണ്ടല്‍ സംഭവത്തില്‍ സ്‌മിത്തിന് 12 മാസം വിലക്ക് ലഭിച്ചതോടെ ടി പെയ്‌നിനെ ഓസീസ് നായകനാക്കിയിരുന്നു. അടുത്ത ഡിസംബറില്‍ 35 വയസ് തികയും പെയ്‌നിന്. ഉസ്‌മാന്‍ ഖവാജയോ ട്രാവിഡ് ഹെഡോ ഓസീസിന്‍റെ അടുത്ത ടെസ്റ്റ് നായകനാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെയാണ് സ്‌മിത്ത് വീണ്ടും നായകനാവണം എന്ന വാദങ്ങളുയരുന്നത്. അടുത്ത നായകസ്ഥാനത്തേക്ക് സ്‌‌മിത്തിനെക്കാള്‍ മികച്ച മറ്റൊരു താരത്തെ അറിയില്ലെന്ന് മുന്‍ നായകന്‍ ഇയാന്‍ ചാപ്പലും തുറന്നുപറഞ്ഞിരുന്നു.