ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരെയായ രണ്ടാം ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തി. 2006 ആന്‍ഡ്രൂ ഫ്‌ളിന്റോഫ് ഈ നേട്ടം സ്വന്തമാക്കിയ അവസാന ഇംഗ്ലീഷ് താരം. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ താരം മൂന്നാം സ്ഥാനത്തെത്തി. 

വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ പിന്തള്ളിയാണ് സ്റ്റോക്‌സ് ഒന്നാമതെത്തിയത്. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ സ്റ്റോക്‌സിന്റെ ഉയര്‍ന്ന റാങ്കാണിത്. മാഞ്ചസ്റ്ററില്‍ വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ നടന്ന തകര്‍പ്പന്‍ പ്രകടനമാണ് സ്‌റ്റോക്‌സിന് തുണയായത്. ഒന്നാം ഇന്നിങ്‌സില്‍ 176 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ 78 റണ്‍സും സ്വന്തമാക്കി. മൂന്ന് വിക്കറ്റും താരം നേടിയിരുന്നു. ഈ പ്രകടനം പരമ്പര 1-1 സമനിലയിലാക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചു. ഇനി ഒരു ടെസ്റ്റാണ് പരമ്പരയില്‍ ബാക്കിയുള്ളത്. 

കഴിഞ്ഞ 18 മാസക്കാലം ഹോള്‍ഡറാണ് ഒന്നാം റാങ്കിലുണ്ടായിരുന്നത്. 497 റേറ്റിംഗ് പോയിന്റാണ് സ്‌റ്റോക്‌സിനുള്ളത്. രണ്ടാമതുള്ള ഹോള്‍ഡര്‍ക്ക് 459 പോയിന്റുണ്ട്.  ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ 397 പോയിന്റോടെ മൂന്നാമതാണ്.

ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ഓസ്‌ട്രേലിയന്‍ താരം മര്‍നസ് ലബുഷാനെയ്‌ക്കൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയാണ് സ്റ്റോക്‌സ്. സ്റ്റീവ് സ്മിത്ത്, വിരാട് കോലി എന്നിവരാണ് സ്‌റ്റോക്‌സിന് മുന്നില്‍. കെയ്ന്‍ വില്യംസണ്‍, ബാബര്‍ അസം എന്നിവര്‍ക്ക് സ്‌റ്റോക്‌സിന് പിന്നിലാണ് സ്ഥാനം.

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് ബൗളര്‍മാരുടെ പട്ടികയില്‍ പത്താമതെത്തി. ജയിംസ് ആന്‍ഡേഴ്‌സണ്‍ പതിനൊന്നാം സ്ഥാനത്താണ്.