കൊല്‍ക്കത്ത: കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരങ്ങള്‍ സ്റ്റേഡിയത്തിലെ വലിയ നാഴിമണി അടിച്ചാണ് തുടങ്ങാറുള്ളത്. ഇന്ത്യ-ബംഗ്ലാദേശ്  ഡേ നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഈ നാഴിക മണി മുഴക്കിയത് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ചേര്‍ന്നായിരുന്നു.

രണ്ടാം ദിനം കളി തുടങ്ങിയതാകട്ടെ മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദും നിലവിലെ ചോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണും ചേര്‍ന്ന് നാഴിക മണി മുഴക്കിയായിരുന്നു. ദ് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ക്രിക്കറ്റ് മത്സരത്തിന് നാഴിക മണി മുഴക്കിയതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ലോക ചെസ് ചാമ്പ്യനായ കാള്‍സണ്‍.

അവിടെ എന്താണ് സംഭവിച്ചത് എന്നുവെച്ചാല്‍ ആനന്ദ് മണി മുഴക്കി, അപ്പോള്‍  ഒരു മണ്ടനെപ്പോലെ ഞാനവിടെ നിന്നു. അതാണ് ശരിക്കും സംഭവിച്ചത്. ക്രിക്കറ്റിനെക്കുറിച്ച് ഞാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ആ മത്സരം കഴിഞ്ഞോ എന്നും കാള്‍സണ്‍ ചോദിച്ചു. ഇന്ത്യ ജയിച്ചെന്ന് പറഞ്ഞപ്പോള്‍, അപ്പോള്‍ ഇനി അവിടെ പോവാന്‍ പറ്റില്ലല്ലേ എന്നായിരുന്നു കാള്‍സന്റെ മറുപടി.

ഇന്ത്യയിലാദ്യമായി നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് ജയം സ്വന്തമാക്കിയ ടീം ഇന്ത്യ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയിരുന്നു.