ടി20 ക്രിക്കറ്റിലൂടെ ശ്രദ്ധേയനായ ബ്രോഡ് ഒരിക്കല്‍ ഇംഗ്ലണ്ട് ടി20 ടീമിന്‍റെ നായകനുമായിരുന്നു. 2012ലും 2014ലും ടി20 ലോകകപ്പുകളില്‍ ഇംഗ്ലണ്ടിനെ നയിച്ചത് ബ്രോഡ് ആണ്.
കെന്നിംഗ്ടണ്‍ ഓവല്‍: ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങല്‍ പ്രഖ്യാപിച്ച ഇംഗ്ലണ്ടിന്‍റെ ഇതിഹാസ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് രാജ്യാന്തര ക്രിക്കറ്റില്‍ ശ്രദ്ധേയനായത് ടി20 ക്രിക്കറ്റിലായിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ യുവരാജ് സിംഗ് ആറ് പന്തില്‍ ആറ് സിക്സ് അടിച്ച് റെക്കോര്‍ഡിട്ടത് സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ആയിരുന്നു. ആറ് പന്തിലെ ആറ് സിക്സെന്ന നാണക്കേടില്‍ നിന്ന് ടെസ്റ്റില്‍ 600 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ പേസറെന്ന ഇതിഹാസ നേട്ടം സ്വന്തമാക്കിയാണ് ബ്രോഡ് ക്രിക്കറ്റിനോട് വിട പറയുന്നത്.
ടി20 ക്രിക്കറ്റിലൂടെ ശ്രദ്ധേയനായ ബ്രോഡ് ഒരിക്കല്‍ ഇംഗ്ലണ്ട് ടി20 ടീമിന്‍റെ നായകനുമായിരുന്നു. 2012ലും 2014ലും ടി20 ലോകകപ്പുകളില്‍ ഇംഗ്ലണ്ടിനെ നയിച്ചത് ബ്രോഡ് ആണ്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ നായകനായിട്ടും കരിയറില്‍ ഒരിക്കല്‍ പോലും ഇന്ത്യയുടെ ആഭ്യന്തര ടി20 ലീഗായ ഐപിഎല്ലില്‍ പന്തെറിയാന്‍ ബ്രോഡിനായിട്ടില്ല എന്നതാണ് രസകരമായ വസ്തുത.
2011ലെ ഐപിഎല്‍ മെഗാ താരലേലത്തിലാണ് ബ്രോഡ് ആദ്യമായി ഐപിഎല്‍ ടീമിലെത്തുന്നത്. 1.84 കോടി രൂപ മുടക്കി പഞ്ചാബ് കിംഗ്സാണ്(പഴയ കിംഗ്സ് ഇലവന്‍ പഞ്ചാബ്) ബ്രോഡിനെ ടീമിലെത്തിച്ചത്. എന്നാല്‍ ഐപിഎല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പരിക്കിനെത്തുടര്‍ന്ന് ബ്രോഡ‍് പുറത്തായി. 2012ലെ ഐപിഎല്ലിലും ബ്രോഡിനെ പഞ്ചാബ് നിലനിര്‍ത്തി. ഇത്തവണയും പരിക്ക് വില്ലനായി എത്തി. വീണ്ടും ബ്രോഡിന് ഐപിഎല്‍ പൂര്‍ണമായും നഷ്ടമായി.
പിന്നീടൊരിക്കലും സ്റ്റുവര്‍ട്ട് ബ്രോഡ് ഐപിഎല്‍ ലേലത്തിനെത്തിയിട്ടില്ല.എന്നാല്‍ 2016-2017 സീസണില്‍ ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറിക്കേന്‍സിനായി കളിക്കുകയും ചെയ്തു. പിന്നീട് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാത്രമായി ബ്രോഡ് ശ്രദ്ധയൂന്നി. ഇതോടെ പിന്നീട് നടന്ന ഐപിഎല്‍ ലേലങ്ങളിലൊന്നും ബ്രോഡ് പങ്കെടുത്തിട്ടുമില്ല. ജെയിംസ് ആന്‍ഡേഴ്സണൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച പേസ് സഖ്യമായി ഇരുവരും മാറുകയും ചെയ്തു.
