നവംബര്‍ 22 മുതലാണ് അഞ്ച് ടെസ്റ്റുകളടങ്ങിയ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം തുടങ്ങുന്നത്.
ലഖ്നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മാസ്മരിക ബൗളിംഗ് പ്രകടനത്തോടെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം മായങ്ക് യാദവിനെ വാഴ്ത്തുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം. ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞതോടെ(155.8 കിലോ മീറ്റര്‍)യാണ് മായങ്ക് താരമായത്. ഐപിഎല്ലില്‍ എതിരാളികള്‍ കണ്ണുവെക്കുന്ന ബൗളറായി ഒറ്റ ദിവസം കൊണ്ട് മായങ്ക് മാറിയതിന് പിന്നാലെ ഒരുപടി കൂടി കടന്ന് നവംബറില്‍ ഇന്ത്യ ഓസ്ട്രേലിയയില്‍ ടെസ്റ്റ് കളിക്കാനെത്തുമ്പോള്‍ മായങ്കിനെ കരുതിയിരുന്നോളാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് ഇംഗ്ലണ്ട് പേസ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡ്.
നവംബര്‍ 22 മുതലാണ് അഞ്ച് ടെസ്റ്റുകളടങ്ങിയ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം തുടങ്ങുന്നത്. ഞാന്‍ ഒരുപാട് കടന്നൊന്നും പറയുന്നില്ല, പക്ഷെ, ഞാന്‍ സ്റ്റീവ് സ്മിത്തിന് മായങ്കിനെക്കുറിച്ച് മെസേജ് അയച്ചിരുന്നു.ഈ വര്‍ഷം ഓസ്ട്രേലിയയില്‍ ഇവന്‍ കളിക്കുമെന്ന് ഞാന്‍ സ്മിത്തിനോട് പറഞ്ഞിട്ടുണ്ട്.
അവന് ചെറുപ്പമാണ്. സ്വാഭാവിക പേസുമുണ്ട്. ചെറുപ്പക്കാരായ ഇത്തരം പേസര്‍മാര്‍ പലപ്പോഴും വേഗത്തില്‍ മാത്രം ശ്രദ്ധിക്കുന്നതുകൊണ്ട് ലൈനും ലെങ്ത്തും മറക്കും. എന്നാല്‍ ഇവന്‍ അങ്ങനെയല്ല. ശരിയായ സ്ഥലത്ത് പന്ത് പിച്ച് ചെയ്യിക്കേണ്ടതിന്‍റെ പ്രാധാന്യം അവന് നന്നായി അറിയാം.ലോകോത്തര ബാറ്ററായ ജോണി ബെയര്‍സ്റ്റോക്കെതിരെ പോലും അവൻ തുടര്‍ച്ചയായി അത് ചെയ്തു. ഒടുവില്‍ ബെയര്‍സ്റ്റോ അവന് മുന്നില്‍ വീണു. ഏതൊരം പേസര്‍ക്കും പുരസ്കാരം കിട്ടുമ്പോഴും എനിക്ക് സന്തോഷമാണ്-ബ്രോഡ് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മായങ്കിന്‍റെ പ്രകടനമാണ് വിജയത്തിലേക്ക് ബാറ്റുവീശിയ പഞ്ചാബിനെ പാതി വഴിയില്‍ പഞ്ചറാക്കിയത്.200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് ഒരു ഘട്ടത്തില്‍ 13.3 ഓവറില്‍ 128-2 എന്ന മികച്ച നിലയിലായിരുന്നു. എന്നാൽ തന്‍റെ രണ്ടാം ഓവറില്‍ ജോണി ബെയര്‍സ്റ്റോയെ(42) വീഴ്ത്തി തുടങ്ങിയ മായങ്ക് പിന്നാലെ പ്രഭ്സിമ്രാന്‍ സിംഗ്(19), ജിതേഷ് ശര്‍മ(6) എന്നിവരെ കൂടി മടക്കി പഞ്ചാബിന്‍റെ നടുവൊടിച്ചു. ഇതിനിടെ ശിഖര്‍ ധവാനെതിരെ 155.8 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ 21കാരന്‍ സീസണിലെ ഏറ്റവും വേഗമേറിയ പന്തും എറിഞ്ഞു.
