കഴിഞ്ഞ മാസം 14ന് നടന്ന ആക്രമണത്തിൽ കാര്യമായി പരിക്കേറ്റില്ലെങ്കിലും ഭയം കാരണം സംഭവം മക്​ഗിൽ 20വരെ പൊലീസിൽ റിപ്പോർട്ട് ചെയ്തില്ല. 

സിഡ്നി: മുൻ ഓസ്ട്രേലിയൻ ലെ​ഗ് സ്പിന്നർ സ്റ്റുവർട്ട് ​മക്​ഗില്ലിനെ തട്ടിക്കൊണ്ടുപോയശേഷം മോചിപ്പിച്ച സംഭവത്തിൽ സിഡ്നി പോലീസ് അറസ്റ്റു ചെയ്തവരിൽ ഒരാൾ മക്​ഗില്ലിന്റെ കാമുകിയുടെ സഹോദരനെന്ന് പോലീസ്. മക്​ഗില്ലിന്റെ കാമുകി മരിയ ഒ മെ​ഗാഹെറിന്റെ സഹോദരൻ മാരിനോ സോറ്റിറോപൗലോസ് ആണ് അറസ്റ്റിലായത്.

സോറ്റിറോപൗലോസ് ന്യൂട്രൽ ബേയിൽ നടത്തുന്ന അരിസ്റ്റോട്ടിൽ റസ്റ്ററന്റിന്റെ ജനറൽ മാനേജരായി ജോലി ചെയ്യുകയാണ് 44 കാരനായ മക്​ഗില്ലെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ എന്തിനാണ് മക്​ഗില്ലിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ മാസം 14ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇന്നാണ് സിഡ്നി പോലീസ് നാലു പേരെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ മാസം 14ന് ക്രെമോണിൽവെച്ച് 46കാരനുമായി മക്​ഗിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്ന് മക്​ഗില്ലിനെ അക്രമികൾ തോക്കു ചൂണ്ടിയശേഷം കടത്തിക്കൊണ്ടുപോകുകയായിരുന്നു. മണിക്കൂറുകളോളം കാറിൽവെച്ച് മർദ്ദനത്തിന് ഇരയായ മക്​ഗില്ലിനെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് അക്രമികൾ കടന്നു കളഞ്ഞു. എന്നാൽ ആക്രമണത്തിൽ കാര്യമായി പരിക്കേറ്റില്ലെങ്കിലും ഭയം കാരണം സംഭവം മക്​ഗിൽ 20വരെ പൊലീസിൽ റിപ്പോർട്ട് ചെയ്തില്ല.

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ അക്രമികളെ തിരിച്ചറി‍ഞ്ഞ പോലീസ് 27, 29 42, 46 പ്രായമുള്ള നാലു പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയതായി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുകയായിരുന്നു.

ഷെയ്ൻ വോണിന്റെ സമകാലീനയിരുന്നതിന്റെ പേരിൽ ഓസ്ട്രേലിയൻ ടീമിൽ പലപ്പോഴും അവസരം ലഭിക്കാതിരുന്ന ലെ​ഗ് സ്പിന്നറായ മക്​ഗിൽ ഓസ്ട്രേലിയക്കായി 44 ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 208ഉം ഏകദിനത്തിൽ ആറ് വിക്കറ്റും വീഴ്ത്തി. 2008ൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച 50കാരനായ മക്​ഗിൽ 2011ൽ ബി​ഗ് ബാഷ് ലീ​ഗിൽ കളിച്ചിരുന്നു.