എഡിന്‍ബറോ: ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍ ക്ലീന് ബൗള്‍ഡാവുന്നതും സ്റ്റംപ് വായൂവിലൂടെ പറക്കുന്നതും നമ്മള്‍ പലതവണ കണ്ടിട്ടുണ്ടാവും. എന്നാല്‍ കഴിഞ്ഞ ദിവസം സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കണ്ട ക്ലീന്‍ ബൗള്‍ഡ് ഇതിനെയെല്ലാം വെല്ലുന്നതാണ്.

സ്കോട്‌ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച മൂന്ന് ടീമുകളുടെ ടി20 ടൂര്‍ണമെന്റില്‍ ഈസ്റ്റേണ്‍ നൈറ്റ്സും കലേഡോണിയന്‍ ഹൈലാന്‍ഡേഴ്സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സവിശേഷമായ പുറത്താകല്‍. ഈസ്റ്റേണ്‍ നൈറ്റ്സ് ബാറ്റ്സ്മാനായ ഹാരിസിനെ ഹൈലാന്‍ഡേഴ്സ് ബൗളര്‍ കാമറൂണ്‍ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു.

എന്നാല്‍ പന്ത് വിക്കറ്റില്‍ കൊണ്ടതോടെ നാലഞ്ചുതവണ തലകുത്തി മറിഞ്ഞ സ്റ്റംപ് പിച്ചിന് പിന്നില്‍  കുത്തി നിര്‍ത്തിയതുപോലെ തലകുത്തി നിന്നു. സ്റ്റംപ് കുത്തി നില്‍ക്കുന്ന കാഴ്ച കളിക്കാരില്‍പോലും ചിരി പടര്‍ത്തുകയും ചെയ്തു. മത്സരത്തില്‍ 19 റണ്‍സ് വഴങ്ങി കാമറോണ്‍ മൂന്ന് വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത നൈറ്റ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തപ്പോള്‍ ഹൈലാന്‍ഡേഴ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.