14.5 ഓവറിൽ 110 റൺസിന് 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് കൊച്ചി പ്രതിസന്ധിയിലായ സമയത്താണ് കാർത്തിക് നായർ ക്രീസിലെത്തുന്നത്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയിലേഴ്സിനെതിരായ മത്സരത്തിൽ തകർത്താടി കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ സച്ചിൻ സുരേഷ് - കാർത്തിക് ബി നായർ കൂട്ടുകെട്ട്. ഒരവസരത്തിൽ കൂട്ടത്തകര്‍ച്ചയുടെ വക്കിലെത്തിയ മത്സരമാണ് ഇരുവരുടെയും ആറാം വിക്കറ്റിലെ അവിശ്വസനീയ ബാറ്റിംഗ് മികവിൽ കൊച്ചി തിരികെപ്പിടിച്ചത്.
14.5 ഓവറിൽ 110 റൺസിന് 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് കൊച്ചി പ്രതിസന്ധിയിലായ സമയത്താണ് കാർത്തിക് നായർ ക്രീസിലെത്തുന്നത്. തുടർന്ന് ക്രീസിൽ കണ്ടത് ഗ്രൗണ്ടിന്‍റെ നാനാഭാഗത്തേക്കും സിക്സറുകൾ പറക്കുന്ന കാഴ്ചയായിരുന്നു. കൊല്ലത്തിന്‍റെ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കിയ ഇരുവരും ചേർന്ന് വെറും 31 പന്തിൽ നിന്ന് 79 റൺസാണ് അടിച്ചുകൂട്ടിയത്.
മുന്നിൽ നിന്ന് നയിച്ച സച്ചിൻ സുരേഷ് 32 പന്തിൽ 5 സിക്സറുകളും 3 ഫോറുമടക്കം 58 റൺസ് നേടി. സച്ചിന് ശക്തമായ പിന്തുണ നൽകിയ കാർത്തിക് ബി നായർ 17 പന്തിൽ 4 സിക്സറും ഒരു ഫോറുമടക്കം 38 റൺസുമായി പുറത്താകാതെ നിന്നു. കാണികൾക്ക് വിരുന്നൊരുക്കിയ ഈ കൂട്ടുകെട്ടാണ് കൊച്ചിയെ പോരാട്ടത്തിലേക്ക് ശക്തമായി തിരിച്ചെത്തിച്ചത്.
ഇരുവരുടെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തപ്പോള്‍.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടാനായത്. കൊച്ചിക്ക് വേണ്ടി തിളങ്ങിയ സച്ചിൻ സുരേഷ് തന്നെയാണ് കളിയിലെ താരമായതും.
