ബംഗളൂരു: 2014ലെ ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി പുറത്തെടുത്ത പ്രകടനം ക്രിക്കറ്റ് ആരാധകര്‍ മറന്നുകാണില്ല. 4.4 ഓവറില്‍ നാലു റണ്‍സ് മാത്രം വഴങ്ങി ബിന്നി വീഴ്ത്തിയത് ആറു വിക്കറ്റ്. ബംഗ്ലദേശ് 17.4 ഓവറില്‍ 58 റണ്‍സിന് എല്ലാവരും പുറത്തായി. മുഷ്ഫിഖുര്‍ റഹിം, മുഹമ്മദ് മിഥുന്‍, മഹ്മൂദുല്ല, നാസിര്‍ ഹുസൈന്‍, മഷ്‌റഫെ മൊര്‍ത്താസ, അല്‍ അമീന്‍ ഹുസൈന്‍ എന്നിവരാണ് ബിന്നിക്കു മുന്നില്‍ വീണത്. 105 റണ്‍സിന് ഓള്‍ഔട്ടായിട്ടും മത്സരം ഇന്ത്യ 47 റണ്‍സിന് ജയിച്ചു.

ബംഗ്ലാദേശ് അനായാസം ജയിക്കാവുന്ന മത്സരം തിരിച്ചുവിട്ടത് ബിന്നിയുടെ പ്രകടനമാണ്. ഒരു ഘട്ടത്തില്‍ 11.3 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. ആ ബൗളിങ് പ്രകടനത്തി്‌ന്റെ വീഡിയോ കാണുമ്പോള്‍ രോമാഞ്ചമാണെന്ന് ബിന്നി പറഞ്ഞു. സ്‌പോര്‍ട്‌സ് കീഡയുമായി ലൈവില്‍ സംസാരിക്കുകയായിരുന്നു താരം.

ആ പ്രകടനം കാണുമ്പോള്‍ ഇപ്പോഴും രോമാഞ്ചമാണെന്നാണ് ബിന്നി പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''നമുക്ക് ഒട്ടും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പറ്റാതെ പോയ മത്സരമായിരുന്നു അത്. തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലായിരുന്നു. അത്ര മോശമൊന്നുമായിരുന്നില്ല ധാക്കയിലെ പിച്ച്. എന്നാല്‍ മഴ കാരണം കളത്തില്‍ ഇറങ്ങിയും തിരിച്ചുകയറിയുമാണ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. മഴ പെയ്തത് കാരണം പിച്ചില്‍ അല്‍പം നനവുണ്ടായിരുന്നു. 

അത് എന്റെ ബോളിങ്ങിന് അനുകൂലമായി. എന്റെ ബോളിങ്ങിന് യോജിച്ച അതിലും നല്ലൊരു പിച്ച് എനിക്ക് കിട്ടുമായിരുന്നില്ല. അന്നത്തെ ആ മത്സരത്തിന്റെ വിഡിയോ കാണുമ്പോള്‍ സത്യമായും ഇപ്പോഴും എനിക്ക് രോമാഞ്ചമുണ്ടാകും. അതിനേക്കാള്‍ മികച്ചൊരു ദിവസം ജീവിതത്തിലുണ്ടാകുമോ??'

മഴമൂലം 41 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ 25.3 ഓവറില്‍ വെറും 105 റണ്‍സിന് എല്ലാവരും പുറത്തായി. 23 പന്തില്‍ 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയായിരുന്നു ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലദേശ് 58ന് പുറത്തായി.