രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ ഒരവസരത്തില്‍ 92-1 എന്ന ശക്തമായ നിലയിലായിരുന്നു ടീം ഇന്ത്യ
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യന്‍ ടീമിലെ താരങ്ങളെ വിമര്‍ശിക്കുന്നത് തുടര്‍ന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. അലക്ഷ്യ ഷോട്ടുകള്‍ കളിച്ച് ചേതേശ്വര്‍ പൂജാരയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിക്കറ്റ് വലിച്ചെറിഞ്ഞതാണ് ഗാവസ്‌കറെ കൂടുതലായി ചൊടുപ്പിക്കുന്നത്.
'എന്നെ സംബന്ധിച്ച് നായകന്‍ രോഹിത് ശര്‍മ്മയുടേയും ചേതേശ്വര്‍ പൂജാരയുടേയും ഷോട്ട് സെലക്ഷന്‍ നിരാശപ്പെടുത്തുന്നതാണ്. സാധാരണഗതിയില്‍ കളിക്കുന്ന ഷോട്ടുകള്‍ക്ക് പകരം എന്തിനാണ് പൂജാര അലക്ഷ്യമായി റണ്ണിന് ശ്രമിച്ചത്. അതും രോഹിത് ശര്‍മ്മ പുറത്തായ ഉടന്‍ അത്തരമൊരു ഷോട്ട് കളിച്ചത് ചിന്തിപ്പിക്കുന്നു. ക്ഷമയോടെ കളിക്കുന്നതിന് പേരുകേട്ട താരമായ പൂജാര എന്തിനാണ് വിക്കറ്റ് സംരക്ഷിക്കുന്നതിന് പകരം ഇത്തരത്തില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിച്ചത്. സമ്മര്‍ദം താരങ്ങളെ വിചിത്രമായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ പ്രേരിപ്പിക്കും. അതുകൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അത്രത്തോളം കഠിനമായ മത്സരമാണ്' ഗാവസ്‌കര്‍ മിഡ് ഡേയിലെ തന്‍റെ കോളത്തില്‍ എഴുതി.
ഓവലിലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ ഒരവസരത്തില്‍ 92-1 എന്ന ശക്തമായ നിലയിലായിരുന്നു ടീം ഇന്ത്യ. എന്നാല്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പന്തെറിയാന്‍ സ്‌പിന്നര്‍ നേഥന്‍ ലിയോണിനെ വിളിച്ചതോടെ സ്വീപ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച് രോഹിത് എല്‍ബിയില്‍ കുടുങ്ങി. നാല് പന്തിന്‍റെ ഇടവേളയില്‍ കമ്മിന്‍സിന്‍റെ ബൗണ്‍സറില്‍ അപ്പര്‍ കട്ടിന് ശ്രമിച്ച പൂജാര വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളില്‍ എത്തുകയായിരുന്നു. പൂജാരയില്‍ നിന്ന് ആരാധകര്‍ ഇതുവരെ കാണാത്ത ഷോട്ടായിരുന്നു ഇത്. രോഹിത് ശര്‍മ്മ 43 ഉം ചേതേശ്വര്‍ പൂജാര 27 ഉം റണ്‍സാണ് നേടിയത്. പിന്നാലെ സ്കോട്ട് ബോളിണ്ടിനെതിരെ അലക്ഷ്യ ഷോട്ട് കളിച്ച് വിരാട് കോലി 49ല്‍ മടങ്ങുകയും ചെയ്‌തു. ഓസീസിനെതിരെ ഫൈനലില്‍ 209 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്.
Read more: 'അവനെ തിരിച്ചുവിളിക്കൂ, ടെസ്റ്റില്‍ ഒരുപാട് പ്രയോജനമുണ്ട്'; ആവശ്യവുമായി സൗരവ് ഗാംഗുലി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
