തോറ്റാലും ജയിച്ചാലും താന്‍ സ്ഥാനത്ത് തുടരും എന്ന് ക്യാപ്റ്റനറിയാം, രൂക്ഷ വിമർശനവുമായി ഗവാസ്‍കർ

മുംബൈ: പത്ത് വർഷമായി ഐസിസി കിരീടങ്ങളില്ല എന്ന നാണക്കേട് ടീം ഇന്ത്യയെ വേട്ടയാടുന്നതിനിടെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷ വിമർശനവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‍കർ. പരമ്പരയില്‍ തോറ്റ് തുന്നംപാടിയാലും ഇപ്പോഴത്തെ ക്യാപ്റ്റന്‍മാർ സേഫാണ് എന്നാണ് ഗാവസ്‍കറുടെ വാദം. ധോണി മുതല്‍ രോഹിത് ശർമ്മ വരെ ഇതാണ് അവസ്ഥ എന്ന് ഗവാസ്‍കർ പരിഹസിക്കുന്നു. ടെസ്റ്റ് ടീമിന്‍റെ പ്രകടനത്തെയാണ് ഗവാസ്കർ ഉന്നംവെക്കുന്നത്. കഴിഞ്ഞ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളിലും തോറ്റ ഇന്ത്യക്ക് 2013ന് ശേഷം ഐസിസി കിരീടം കിട്ടാക്കനിയാണ്. 

'തോറ്റാലും ജയിച്ചാലും താന്‍ സ്ഥാനത്ത് തുടരും എന്ന് ക്യാപ്റ്റനറിയാം. ഇത് അടുത്ത കാലത്തെ സംഭവമല്ല, 2011 മുതല്‍ ഇതാണ് സംഭവിക്കുന്നത്. ടെസ്റ്റില്‍ ഇന്ത്യ 0-4, 0-4 എന്നീ നിലയില്‍ പരമ്പരകളില്‍ തോറ്റമ്പിയിരുന്നു. എന്നിട്ടും ക്യാപ്റ്റനെ മാറ്റിയില്ല' എന്നും ഗവാസ്‍കർ വ്യക്തമാക്കി. നിലവിലെ നായകന്‍ രോഹിത് ശർമ്മയ്ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയേയുമാണ് ഗവാസ്കർ ഉന്നമിടുന്നത്. 2011/2012 സീസണില്‍ 4-0ന് ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തിരുന്നു. ഇതേ വർഷം തുടക്കത്തില്‍ ഏകദിന ലോകകപ്പ് നേടിയിട്ടും ടെസ്റ്റ് പരമ്പരകളില്‍ ദയനീയ പരാജയമാവുകയായിരുന്നു ടീം ഇന്ത്യ. ഇതിന് ശേഷം 2014 വരെ ടെസ്റ്റില്‍ ധോണി നായകസ്ഥാനത്ത് തുടർന്നു. 

2014ലെ ഓസീസ് പര്യടനത്തിലാണ് വിരാട് കോലി ടെസ്റ്റ് നായകപദവി ഏറ്റെടുക്കുന്നത്. കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുകയും ഇംഗ്ലണ്ടില്‍ മികവ് കാട്ടുകയും ചെയ്തു. 2021/22 ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെ കോലിയെ മാറ്റി രോഹിത് ശർമ്മയായി ടെസ്റ്റ് ക്യാപ്റ്റന്‍. കോലിക്കും രോഹിത്തിനും കീഴില്‍ കളിച്ച രണ്ട് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. കോലിക്ക് കീഴില്‍ കിവികളോടും രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഓസീസിനോടുമായിരുന്നു തോല്‍വികള്‍. ഇതിനൊപ്പം ഏകദിന ലോകകപ്പിലും ടി20 ലോകകപ്പുകളിലും ഇന്ത്യന്‍ ടീം തോല്‍വി രുചിച്ചു. 

Read more: യുവരക്തങ്ങള്‍ ആളി; ഇന്ത്യ എ എമേർജിംഗ് ഏഷ്യാ കപ്പ് ക്രിക്കറ്റ് സെമിയില്‍, നേപ്പാളും തോറ്റമ്പി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം