പേസര്‍ ജസ്പ്രീത് ബുമ്രക്ക് പുറമെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയേയും പുറംവേദനയാണ് ഏറെക്കാലമായി അലട്ടിയിരുന്നത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അടിക്കടി പരിക്കിന് ഇരയാകുന്നതിന്‍റെ കാരണം ജിമ്മിലെ അമിതമായ പരിശീലനമാണ് എന്ന വിമര്‍ശനം നാളുകളായുണ്ട്. പുറത്തിനും നടുവിനുമാണ് ഏറെ താരങ്ങള്‍ക്കും പരിക്ക് പറ്റുന്നത് എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും നാലാം നമ്പര്‍ ബാറ്റര്‍ ശ്രേയസ് അയ്യരും സമാന പരിക്ക് മാറി ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കൊരു ഉപദേശം നല്‍കിയിരിക്കുകയാണ് ഇതിഹാസ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌കര്‍. 

'ജസ്പ്രീത് ബുമ്ര ഉള്‍പ്പടെയുള്ള പേസര്‍മാരുടെ കാര്യത്തിലാണ് സുനില്‍ ഗവാസ്‌കറുടെ പ്രത്യേക ഉപദേശം. ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് പരിക്ക് പറ്റിയത് എന്ന് ഇപ്പോഴത്തെ താരങ്ങളുടെ പരിക്കില്‍ നിന്ന് മനസിലാക്കാം. ഞാന്‍ വിദഗ്‌നല്ല, അതിനാല്‍തന്നെ പറയുന്നതില്‍ തെറ്റ് പറ്റിയേക്കാം. താരങ്ങള്‍ അമിതമായി ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട് എന്ന് തോന്നുന്നു. അത് അവരുടെ ക്രിക്കറ്റിനെ സഹായിക്കും എന്ന് തോന്നുന്നില്ല. പേസ് ബൗളര്‍മാര്‍ക്ക് ഇത്രത്തോളം പരിക്കുകള്‍ പുറത്തിന് സംഭവിക്കാന്‍ പാടില്ല. ക്രിക്കറ്റ് ഫിറ്റ്‌നസാണ് താരങ്ങള്‍ക്ക് വേണ്ടത് എന്നാണ് എന്‍റെ അഭിപ്രായം. ഫ്രാഞ്ചൈസികളില്‍ എന്ത് പരിശീലനമാണ് നടത്തുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ചീഫ് സെലക്ട‍ര്‍ അജിത് അഗാര്‍ക്കര്‍ ശ്രദ്ധിക്കും എന്നാണ് കരുതുന്നത്. ക്രിക്കറ്റ് കളിക്കാനുള്ള ഫിറ്റ്‌നസാണ് താരങ്ങള്‍ക്ക് വേണ്ടത്. ട്രെഡ്‌മില്ലില്‍ എത്ര ദൂരം ഓടിയെന്നത് ചോദ്യമല്ല' എന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. 

പേസര്‍ ജസ്പ്രീത് ബുമ്രക്ക് പുറമെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയേയും പുറംവേദനയാണ് ഏറെക്കാലമായി അലട്ടിയിരുന്നത്. ഏഷ്യാ കപ്പിന് മുമ്പ് പരിക്ക് മാറി അയര്‍ലന്‍ഡ് പരമ്പരയിലൂടെ തിരിച്ചെത്തിയിട്ടുണ്ട് ബുമ്ര. ബുമ്രക്കൊപ്പം പുറംവേദന അലട്ടിയിരുന്ന ശ്രേയസ് അയ്യരും ഫിറ്റ്‌നസ് വീണ്ടെടുത്തു. അടിക്കടി ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക് പുറംവേദനയും നടുവേദനയും കാരണം മത്സരങ്ങള്‍ നഷ്‌ടമാകുന്നത് കുറച്ച് കാലമായി മുന്‍താരങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന കാര്യമാണ്. 

Read more: ഒരു തലൈവര്‍ ഫാനിന് ഇതില്‍ക്കൂടുതല്‍ എന്തുവേണം; ജയിലര്‍ പ്രത്യേക അതിഥിയായി കണ്ട് സഞ്ജു സാംസണ്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം