മുംബൈ: ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീ‌ത് ബുമ്രക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ഇതിഹാസ താരം സുനില്‍ ഗാവസ്‌കറുടെ തകര്‍പ്പന്‍ മറുപടി. ടെസ്റ്റില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയതിന് പിന്നാലെ ബുമ്രയുടെ ആക്ഷനെതിരെ ചില ആരാധകര്‍ രംഗത്തെിയിരുന്നു. കിംഗ്‌സ്റ്റണ്‍ ടെസ്റ്റിന്‍റെ കമന്‍ററിക്കിടെയാണ് വിമര്‍ശകര്‍ക്ക് ഗാവസ്‌കര്‍ ചുട്ടമറുപടി നല്‍കിയത്. 

'ബുമ്രയുടെ ആക്ഷന്‍ അസാധാരണവും നിയമാനുസൃതവുമാണ്, അത് മികച്ചതുമാണ്' എന്ന് കമന്‍ററിക്കിടെ ഇയാന്‍ ബിഷപ്പ് അഭിപ്രായപ്പെട്ടിരുന്നു. ബുമ്രയെ വിമര്‍ശിക്കുന്നവര്‍ ആരെന്ന് ചോദിച്ച ഗാവസ്‌കറുടെ പ്രതികരണമിങ്ങനെ. 'കൈ നിവര്‍ത്തിയാണ് ബുമ്ര പന്തെറിയുന്നത് എന്ന് നിരീക്ഷിച്ചാല്‍ മനസിലാകും. കൈകള്‍ വളയുന്നത് എവിടെയെന്ന് വിമര്‍ശകര്‍ പറഞ്ഞുതരിക. പെര്‍ഫെക്റ്റ് ആക്ഷനാണ് ബുമ്രയുടേത്' എന്നും ഗാവസ്‌കര്‍ പറഞ്ഞു.

കിംഗ്സ്റ്റണ്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ഹാട്രിക്കടക്കം ബുമ്ര ആറ് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. വെറും 27 റണ്‍സ് വിട്ടുകൊടുത്താണ് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനം. വിന്‍ഡീസ് ഇന്നിംഗ്‌സിലെ ഒന്‍പതാം ഓവറില്‍ ഡാരന്‍ ബ്രാവോ, ബ്രൂക്ക്സ്, ചെയ്സ് എന്നിവരെ മടക്കിയാണ് ബുമ്ര ഹാട്രിക് തികച്ചത്. വിന്‍ഡീസിനെ 117 റണ്‍സില്‍ ടീം ഇന്ത്യ പുറത്താക്കിയത് ബുമ്രയുടെ മികവിലാണ്.