മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം സെലക്ഷനെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. പ്ലെയിംഗ് ഇലവനില്‍ നിന്ന് അസാധാരണമായി താരങ്ങളെ ഒഴിവാക്കുന്നതാണ് ഗാവസ്‌കറെ ചൊടിപ്പിച്ചത്. അപ്രതീക്ഷിതമായി ടീമില്‍ നിന്ന് പുറത്താകുന്നത് താരങ്ങളുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇതിഹാസം താരം പറഞ്ഞു.

രവിചന്ദ്ര അശ്വിനെ പോലൊരു താരം ടെസ്റ്റ് ഇലവനില്‍ സ്ഥിരം സാന്നിധ്യമാകണമെന്ന് ഗാവസ്‌കര്‍ വാദിക്കുന്നു. 'ലോകത്തെ ഏത് വിക്കറ്റിലും ബാറ്റ്സ്‌മാന്‍മാരെ പുറത്താക്കാനുള്ള കഴിവ് അശ്വിനുണ്ട്. ഇത് മനസിലാക്കി ടീം മാനേജ്‌മെന്‍റ് അശ്വിനെ പിന്തുണയ്‌ക്കണം. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റില്‍ ഭുവനേശ്വര്‍ കുമാര്‍ ഏറെ വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഭുവിയുടെ പന്ത് നന്നായി സ്വിങ് ചെയ്യുന്നുണ്ടായിരുന്നു. എന്നിട്ടും താരം അടുത്ത ടെസ്റ്റില്‍ നിന്ന് പുറത്തായി. മുരളി വിജയ്‌ക്കും സമാന അവസ്ഥയായിരുന്നു.

താരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലാവരുത് ടീം സെലക്ഷന്‍. ഡ്രസിംഗ് റൂമില്‍ പല ചര്‍ച്ചകളും ചിലപ്പോള്‍ നടക്കുന്നുണ്ടാകും. എന്നാല്‍ അതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരിക്കില്ലെന്നും' ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ വിശാഖപട്ടണത്ത് നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റില്‍ ആര്‍ അശ്വിന്‍ കളിക്കുന്നുണ്ട്. 

ഇതാദ്യമായല്ല ടീം സെലക്ഷനെതിരെ മുന്‍ താരങ്ങള്‍ രംഗത്തെത്തുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ രോഹിത് ശര്‍മ്മ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരെ പുറത്തിരുത്തിയത് ചോദ്യം ചെയ്ത് ഗാംഗുലി രംഗത്തെത്തിയിരുന്നു. താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നായകന്‍ വിരാട് കോലി നല്‍കണമെന്നും ഇത് താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നുമായിരുന്നു ദാദയുടെ വാക്കുകള്‍.