ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ, പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിക്ക് അയർലൻഡിനെതിരായ ടി20 പരമ്പരയിൽ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ തുടങ്ങിയ പ്രമുഖ ഓപ്പണർമാരിൽ ഒരാളെ മാറ്റിനിർത്തി വൈഭവിനെ കളിപ്പിക്കണമെന്നും ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താരം ഇത് അർഹിക്കുന്നുണ്ടെന്നും ഗാവസ്‌കർ അഭിപ്രായപ്പെട്ടു.

മുംബൈ: ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിക്ക് പിന്തുണയുമായി ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അയര്‍ലന്‍ഡിനെതിരെ വരാനിരിക്കുന്ന ടി20 പരമ്പരയില്‍ കളിക്കാന്‍ അവസരം നല്‍കണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. ഡബ്ലിനില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് കളികളിലും വൈഭവിന് അവസരം നല്‍കാന്‍, നിലവിലെ പ്രമുഖ ഓപ്പണര്‍മാരില്‍ ഒരാളെ മാറ്റിനിര്‍ത്താന്‍ പോലും ഇന്ത്യ മടിക്കരുതെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐപിഎല്‍ 2026-ലെ റെക്കോര്‍ഡ് പ്രകടനത്തിന് പിന്നാലെയാണ് ഈ കൗമാരതാരത്തിന് ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി വിളിയെത്തുന്നത്. നിലവില്‍ ഈ വര്‍ഷത്തെ ട്വന്റി-20 ലോകകപ്പ് കിരീടം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അഭിഷേക് ശര്‍മ്മ, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍മാര്‍. ഇതിനുപുറമേ ഇഷാന്‍ കിഷനും ടീമിലുണ്ട്. എന്നാല്‍ ഇത്രയും പരിചയസമ്പന്നരായ താരങ്ങള്‍ മുകളിലുണ്ടെങ്കിലും, വൈഭവിനെ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ തക്കവണ്ണം ഫ്‌ലെക്‌സിബിലിറ്റി ഇന്ത്യന്‍ നിരയ്ക്കുണ്ടെന്നാണ് ഗവാസ്‌കറുടെ വിലയിരുത്തല്‍.

ഗവാസ്‌കര്‍ പറയുന്നതിങ്ങനെ... ''അയര്‍ലന്‍ഡ് ടി20 പരമ്പരയ്ക്കുള്ള എന്റെ പ്ലേയിംഗ് ഇലവനില്‍ എന്തായാലും വൈഭവ് സൂര്യവംശിയുണ്ടാകും. അവന്‍ അവിടെ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സഞ്ജു സാംസണോ അഭിഷേക് ശര്‍മ്മയ്‌ക്കോ മുമ്പായി അവന് അവസരം നല്‍കുക. ഒരു മത്സരത്തില്‍ അഭിഷേക് ശര്‍മ്മയെയും, അടുത്ത മത്സരത്തില്‍ സഞ്ജു സാംസണെയും മാറ്റിനിര്‍ത്തി വൈഭവിനെ കളിപ്പിക്കാം.'' ഗാവസ്‌കര്‍ പറഞ്ഞു. ഭാവിയിലെ ഐസിസി ടൂര്‍ണമെന്റുകള്‍ മുന്നില്‍ക്കണ്ട് ബെഞ്ച് കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക്, യുവ പ്രതിഭകളെ അന്താരാഷ്ട്ര തലത്തില്‍ നേരത്തെ പരീക്ഷിക്കുന്നത് ഗുണം ചെയ്യുമെന്നും ഗവാസ്‌കര്‍.

വൈഭവിന്റെ സെലക്ഷന്‍ ഒരു അത്ഭുതമല്ലെന്നും മറിച്ച് അവന്‍ അത് അര്‍ഹിച്ചിരുന്നുവെന്നും ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. വമ്പന്‍ താരങ്ങള്‍ അണിനിരന്ന ഐപിഎല്‍ 2026ല്‍ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ റണ്‍സ് കണ്ടെത്താനുള്ള വൈഭവിന്റെ കഴിവ് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതാക്കി. ''അവന്‍ കാഴ്ചവെച്ച ഫോമും അടിച്ചുകൂട്ടിയ റണ്‍സും നോക്കൂ. ഇതിനുശേഷവും അവനെ എങ്ങനെയാണ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുക? മികച്ച പ്രകടനങ്ങള്‍ക്ക് കൃത്യമായ പ്രതിഫലം നല്‍കണം, അത് തന്നെയാണ് സെലക്ടര്‍മാര്‍ ഇവിടെ ചെയ്തത്.'' ഗാവസ്‌കര്‍ വ്യക്തമാക്കി.

YouTube video player