ഐപിഎല്‍ 2026-ലെ അത്ഭുത താരമായ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് സുനില്‍ ഗാവസ്‌കര്‍. 72 സിക്‌സറുകളുമായി റെക്കോര്‍ഡിട്ട സൂര്യവംശിയുടെ പ്രകടനമാണ് ഈ സീസണിലെ ഏറ്റവും മികച്ച ഓര്‍മ്മയെന്ന് ഗാവസ്‌കര്‍ പറഞ്ഞു. ഗാവസ്‌കറുടെ പഴയകാല ബാറ്റിംഗ് കഥകളാണ് തനിക്ക് പ്രചോദനമായതെന്ന് സൂര്യവംശി വെളിപ്പെടുത്തി.

മുംബൈ: ഐപിഎല്‍ 2026 സീസണ്‍ അവസാനിച്ചതിന് പിന്നാലെ, ടൂര്‍ണമെന്റിലെ അദ്ഭുത പ്രതിഭയായ വൈഭവ് സൂര്യവംശിയെ വീണ്ടും പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ താന്‍ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന ഏറ്റവും മികച്ച ഓര്‍മ്മ സൂര്യവംശിയുടെ അസാധാരണമായ സിക്‌സര്‍ വേട്ടയായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയറില്‍ പുറത്തായെങ്കിലും, ചരിത്രപുസ്തകങ്ങള്‍ തിരുത്തിക്കുറിച്ച പ്രകടനത്തോടെ ഐപിഎല്‍ 2026-ലെ ഏറ്റവും വലിയ വാര്‍ത്തയായി മാറാന്‍ സൂര്യവംശിക്ക് സാധിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൂര്യവംശിയുടെ പ്രകടനത്തെ കുറിച്ച് ഗവാസ്‌ക്കര്‍ പറയുന്നതിങ്ങനെ... ''ഈ സീസണില്‍ നിന്ന് ഞാന്‍ എക്കാലത്തും ഓര്‍മ്മിക്കുക സൂര്യവംശിയെ തന്നെയായിരിക്കും. സൂര്യവംശി ബാറ്റ് ചെയ്ത രീതിയും അവന്‍ അടിച്ചുകൂട്ടിയ 72 സിക്‌സറുകളും പവര്‍പ്ലേയില്‍ മാത്രം നേടിയ 500 റണ്‍സും അവിശ്വസനീയമാണ്. ഒരു 15കാരനെ സംബന്ധിച്ചിടത്തോളം ഇത് അസാധാരണമായ നേട്ടമാണ്. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശോഭനമായ ഭാവിയുടെ സൂചനയാണ്.'' ഗവാസ്‌ക്കര്‍ പറഞ്ഞു. 776 റണ്‍സ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ സൂര്യവംശി, ക്രിസ് ഗെയിലിന്റെ 59 സിക്‌സറുകളുടെ റിക്കോര്‍ഡ് തകര്‍ത്താണ് 72 സിക്‌സറുകളുമായി പുതിയ ചരിത്രം കുറിച്ചത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരെപ്പോലും യാതൊരു ഭയവുമില്ലാതെ നേരിട്ടു എന്നതാണ് സൂര്യവംശിയുടെ ബാറ്റിംഗിന്റെ പ്രത്യേകത. സീസണിന് ശേഷമുള്ള ഒരു ചര്‍ച്ചയില്‍ ഗാവസ്‌കറോട് സംസാരിക്കവെ, ഇതിഹാസ താരത്തിന്റെ പഴയകാല ബാറ്റിംഗ് കഥകളാണ് തനിക്ക് ഈ കരുത്ത് നല്‍കിയതെന്ന് സൂര്യവംശി വെളിപ്പെടുത്തി. ഹെല്‍മെറ്റ് പോലുമില്ലാതെ വെസ്റ്റ് ഇന്‍ഡീസിന്റെ വിനാശകാരികളായ പേസ് ബൗളര്‍മാരെ ഗാവസ്‌കര്‍ നേരിട്ട കഥകള്‍ തന്റെ പിതാവ് തനിക്ക് പകര്‍ന്നു തന്നിരുന്നുവെന്ന് സൂര്യവംശി പറഞ്ഞു. ആ കഥകള്‍ കേട്ടാണ് ഫാസ്റ്റ് ബൗളിംഗിനെയോ ബൗണ്‍സറുകളെയോ ഭയപ്പെടേണ്ടതില്ലെന്ന മാനസികാവസ്ഥയിലേക്ക് താന്‍ എത്തിയത്.

അത്രയും മികച്ച സുരക്ഷാ ഉപകരണങ്ങളില്ലാതിരുന്ന കാലത്ത് ഗാവസ്‌കറിന് അത് സാധിക്കുമെങ്കില്‍, ആധുനിക സുരക്ഷാ സൗകര്യങ്ങളുള്ള ഇന്നത്തെ കളിക്കാര്‍ക്ക് പേസ് ബൗളിംഗിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയണം എന്നതായിരുന്നു സൂര്യവംശിയുടെ ചിന്ത.

YouTube video player