ഹൃദയം കൊണ്ടാണ് സിറാജ് ഈ പരമ്പരയില്‍ പന്തെറിഞ്ഞത്. അതുവഴി അമിത ജോലിഭാരമെന്ന പ്രയോഗത്തെ തന്നെ അവന്‍ ഇല്ലാതാക്കി. അതുകൊണ്ട് തന്നെ ഇനി ജോലിഭാരമെന്ന വാക്ക് ഇന്ത്യൻ ക്രിക്കറ്റില്‍ ഉപയോഗിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.
ഓവല്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് റണ്‍സിന്‍റെ ആവേശജയവുമായി ഇന്ത്യ ടെസ്റ്റ് പരമ്പര സമനില ആക്കിയതിന് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ വിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗവാസ്കര്‍. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച് 183.3 ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് സിറാജ്, ജോലിഭാരത്തിന്‍റെ പേരിലാണ് കളിക്കാർക്ക് വിശ്രമം അനുവദിക്കുന്നതെന്ന ഇന്ത്യൻ ടീമിന്‍റെ വാദത്തെത്തന്നെ തള്ളിക്കളഞ്ഞുവെന്ന് ഗവാസ്കര്‍ പറഞ്ഞു. സിറാജിന്‍റെ പ്രകടനം മറ്റ് താരങ്ങളും മാതൃകയാക്കണമെന്നും ജോലിഭാരമെന്ന വാക്കുതന്നെ ഇന്ത്യൻ ക്രിക്കറ്റിന്‍റെ നിഘണ്ടുവില്‍ നിന്ന് എടുത്തുകളയണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടു.
ഹൃദയം കൊണ്ടാണ് സിറാജ് ഈ പരമ്പരയില്‍ പന്തെറിഞ്ഞത്. അതുവഴി അമിത ജോലിഭാരമെന്ന പ്രയോഗത്തെ തന്നെ അവന്‍ ഇല്ലാതാക്കി. അതുകൊണ്ട് തന്നെ ഇനി ജോലിഭാരമെന്ന വാക്ക് ഇന്ത്യൻ ക്രിക്കറ്റില്‍ ഉപയോഗിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. ദീര്‍ഘകാലമായി ഞാനിത് പറയുന്നതാണ്. തുടര്‍ച്ചയായി അഞ്ച് ടെസ്റ്റുകളില്‍ അതും തുടര്‍ച്ചയായി ആറും ഏഴും എട്ടും ഓവര്‍ സ്പെല്ലുകള്‍ എറിഞ്ഞ ബൗളറാണ് സിറാജ്. കാരണം, അവന്‍റെ ക്യാപ്റ്റനും രാജ്യവും അത് അവനില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു. ജോലിഭാരമെന്നത് പലപ്പോഴും മാനസികമാണ്, ശാരീരികമല്ലെന്ന് സിറാജിന്‍റെ പ്രകടനം തെളിയിക്കുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.
ജോലിഭാരം കണക്കിലെടുത്ത് ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുമ്ര പരമ്പരയിലെ മൂന്ന് ടെസ്റ്റുകളില്‍ മാത്രമെ കളിക്കൂവെന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞിരുന്നു. ബുമ്രയുടെ ജോലിഭാരം കണക്കിലെടുക്കേണ്ടതുണ്ടെന്നും ഗംഭീറും സെലക്ടര്‍മാരും പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തിനായി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ ഒരിക്കലും ജോലിഭാരത്തിന്‍റെ കാര്യം പറഞ്ഞ് മാറി നില്‍ക്കാറില്ലെന്ന് ഗവാസ്കര്‍ പറഞ്ഞു. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് അവര്‍ അവിടെ കാവല്‍ നില്‍ക്കുന്നത്.
ജോലിഭാരത്തെക്കുറിച്ച് പറഞ്ഞ് മാറ്റി നിര്‍ത്തിയാല്‍ ഏറ്റവും മികച്ച കളിക്കാരെ ഒരിക്കലും ഗ്രൗണ്ടിലിറക്കാനാവില്ല. നിങ്ങൾ രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത്. അപ്പോള്‍ വേദനയെല്ലാം മറക്കണെമെന്നാണ് അവരോട് പറയേണ്ടത്. അതാണ് അതിര്‍ത്തിയില്‍ സൈനികര്‍ നമുക്ക് വേണ്ടി ചെയ്യുന്നത്. ജലദോഷമാണെന്ന് പറഞ്ഞ് സൈനികര്‍ പരാതി പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ. ഒറ്റക്കാലുവെച്ച് റിഷഭ് പന്ത് ബാറ്റിംഗിനിറങ്ങിയില്ലെ. അതുപോലെയാണ് എല്ലാ കളിക്കാരില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്. ചെറിയ പരിക്കുകളുടെ പേരില്‍ പുറത്തിരിക്കുകയല്ല വേണ്ടത്. കാരണം 140 കോടി ജനങ്ങളാണ് നിങ്ങളെ പ്രതീക്ഷയോടെ നോക്കുന്നത്. അത് വലിയൊരു അംഗീകാരമായി കാണുകയാണ് വേണ്ടത്.
ജസ്പ്രീത് ബുമ്ര അഞ്ചാം ടെസ്റ്റിന് മുമ്പ് തിരിച്ചുപോയത് ജോലിഭാരം കാരണമായിരിക്കില്ല എന്നാണ് എനിക്കുതോന്നുന്നത്. ബുമ്രക്ക് പരിക്കുണ്ടെന്നും അതുകൊണ്ട് ബുമ്രയുടെ കാര്യമല്ല താന്‍ പറയുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു. കളിച്ച രണ്ട് ടെസ്റ്റിലും ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.


