ബൗളിംഗ് പരിശീലകനായ മോര്‍ണി മോര്‍ക്കലിന്‍റെ ദേഹത്തേക്ക് ആവേശം അടക്കാനാവാതെ ചാടിക്കയറി, ഗാഢാലിംഗനം ചെയ്തു.
ഓവല്‍: ഒരു ടി20 മത്സരത്തിന്‍റെ സൂപ്പര്‍ ഓവറിനെപ്പോലും വെല്ലുന്ന ആവേശപ്പോരാട്ടമായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന്‍റെ അഞ്ചാം ദിനം ഓവലില്‍ കണ്ടത്. അവസാന ദിനം ജയത്തിലേക്ക് 35 റണ്‍സ് മതിയായിരുന്നു ഇംഗ്ലണ്ടിന്. ഇന്ത്യക്ക് വേണ്ടത് നാലു വിക്കറ്റും. ഇംഗ്ലണ്ട് ജയിച്ചാല്‍ പരമ്പര 1-3ന് കൈവിടേണ്ടിവരുമെന്നതും പരമ്പരയിലെ പോരാട്ടമെല്ലാം വെറുതെയാവുമെന്നതും ഇന്ത്യക്ക് സമ്മര്‍ദ്ദം കൂട്ടി.
എന്നാല്‍ മുഹമ്മദ് സിറാജിന്‍റെ മാജിക്കല്‍ സ്പെല്ലും പ്രസിദ്ധ് കൃഷ്ണയുടെ പിന്തുണയും കൂടിയായപ്പോള്‍ ഇന്ത്യ ഓവലില്‍ ആറ് റണ്‍സിന്‍റെ അവിസ്മരണീയ വിജയം പിടിച്ചെടുത്തു. ഇന്ത്യക്കും വിജയത്തിനും ഇടയില്‍ ഒരു വിക്കറ്റിന്‍റെ മാത്രം അകലമുള്ളപ്പോള്‍ ഡ്രസ്സിംഗ് റൂമിലെ ബാല്‍ക്കണിയില്‍ ആശങ്കയോടെ നടക്കുകായിരുന്നു കോച്ച് ഗൗതം ഗംഭീറും സഹപരിശീലകരും. ഒടുവില്‍ മുഹമ്മദ് സിറാജിന്‍റെ യോര്‍ക്കറില്‍ ഗുസ് അറ്റ്കിന്‍സണിന്‍റെ ഓഫ് സ്റ്റംപ് ഇളകിയപ്പോള്‍ ആവേശം അടക്കാനാനാവാതെ ഗംഭീര്‍ സഹ പരിശീലകര്‍ക്കൊപ്പം തുള്ളിച്ചാടി.
ബൗളിംഗ് പരിശീലകനായ മോര്‍ണി മോര്‍ക്കലിന്‍റെ ദേഹത്തേക്ക് ആവേശം അടക്കാനാവാതെ ചാടിക്കയറി, ഗാഢാലിംഗനം ചെയ്തു. ഇതിനിടെ ഗംഭീറിന്‍റെ കണ്ണില്‍ നിന്ന് ആനന്ദക്കണ്ണീര്‍ പൊടിഞ്ഞു. പിന്നീട് സഹപരീശലകര്‍ക്കൊപ്പം തുള്ളിച്ചാടി. അതിനുശേഷം ഗ്രൗണ്ടിലിറങ്ങി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെയും രവീന്ദ്ര ജഡേജയെയുംമെല്ലാം ആവേശത്തോടെ ആലിംഗനം ചെയ്തു. ലോകകപ്പ് നേടത്തേക്കാളും ആവേശത്തിമിര്‍പ്പിലായിരുന്നു ഓവലില്‍ നേടിയ വിജയത്തിനുശേഷം ഗംഭീര്‍. പൊതുവെ ശാന്തനായിരിക്കുന്ന ഗംഭീറില്‍ നിന്ന് ഇത്തരമൊരു പ്രതികരണം സഹപരിശീലകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു മോര്‍ണി മോര്‍ക്കലിന്‍റെ പ്രതികരണം.
പരമ്പരയില്‍ നേരിട്ട തിരിച്ചടികള്‍ക്കും വിവാദങ്ങള്‍ക്കുമുള്ള മറുപടി മാത്രമല്ല കോച്ച് എന്ന് നിലയില്‍ ഗംഭീറിന്‍റെ നിലനില്‍പ്പിന് കൂടി അനിവാര്യമായിരുന്നു ഓവലില്‍ നേടിയ ജയം. ഗംഭീര്‍ പരിശീലക ചുമതലേയേറ്റെടുത്തശേഷം ഇന്ത്യ നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ 0-3ന്‍റെ തോല്‍വി വഴങ്ങിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 3-1ന് കൈവിട്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനല്‍ സ്ഥാനം കൈവിട്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പര കൂടി നഷ്ടമായിരുന്നെങ്കില്‍ ഗംഭീറിന് കീഴില്‍ നഷ്ടമാകുന്ന മൂന്നാമത്തെ പരമ്പരയാകുമായിരുന്നു ഇത്.


