മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ സുനിൽ ഗാവസ്‌കര്‍. വിരാട് കോലിയുടെ തന്നിഷ്ടത്തിന് സെലക്ടര്‍മാര്‍ കൂട്ടുനിൽക്കുന്നുവെന്ന് ഇതിഹാസ താരം കുറ്റപ്പെടുത്തി.

ലോകകപ്പില്‍ തോറ്റിട്ടും കോലിയെ നായകപദവിയിൽ നിന്ന് നീക്കണോയെന്ന ആലോചന പോലും ഉണ്ടായില്ല. ലോകകപ്പില്‍ പരാജയപ്പെട്ടതിന്‍റെ പേരില്‍ ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കിയെങ്കില്‍ കോലിക്കെങ്ങനെ നായകനായി തുടരാന്‍ കഴിയുമെന്നും ഗാവസ്‌കര്‍ ചോദിച്ചു. ഔന്നത്യമുള്ള മുന്‍ താരങ്ങള്‍ സെലക്ടര്‍മാരാകണമെന്നും ഗാവസ്‌കര്‍ ആവശ്യപ്പെട്ടു.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നായകനായി കോലിയെ നിലനിര്‍ത്തിയതാണ് ഗാവസ്‌കറെ ചൊടിപ്പിച്ചത്. ലോകകപ്പ് വരെയാണ് കോലിയെ ക്യാപ്റ്റനായി നിയമിച്ചത്. എന്നാല്‍ ലോകകപ്പിന് ശേഷം അദ്ദേഹം തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ലോകകപ്പ് തോല്‍വിയില്‍ സെലക്ഷന്‍ കമ്മിറ്റിക്കും പങ്കുണ്ട് എന്നും ഗാവസ്‌കര്‍ പറഞ്ഞു.