മുംബൈ: കൊവിഡ് 19 ആശങ്കയെത്തുടര്‍ന്ന് ഐപിഎല്‍ ഏപ്രില്‍ 15 വരെ നീട്ടിവെക്കുകയും ഏപ്രിലില്‍ ഐപിഎല്‍ നടത്താനാവുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ധോണി ഇനി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്ന് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയും ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ അത് സംഭവിക്കാനുള്ള സാധ്യത വിരളമാണ്-ഗവാസ്കര്‍ പറഞ്ഞു.

ധോണി യുഗത്തില്‍ നിന്ന് ഇന്ത്യന്‍ ടീം ഏറെ മുന്നോട്ട് പോയിരിക്കുന്നു. വലിയ  തീരുമാനങ്ങളൊന്നും പ്രഖ്യാപിക്കാത്ത വ്യക്തിത്വമാണ് ധോണിയുടേത്. അതുകൊണ്ടുതന്നെ നിശബ്ദമായി തന്നെ അദ്ദേഹം കളിയില്‍ നിന്ന് വിരമിക്കുമെന്നാണ് ഞാന്‍ കരുതുന്നത്-ഗവാസ്കര്‍ പറഞ്ഞു.

ഐപിഎല്‍ മുടങ്ങിയതോടെ ധോണിയുടെ തിരിച്ചുവരവ് സാധ്യതകള്‍ അവസാനിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറെന്ന നിലയിലും മികച്ച പ്രകടനം തുടരുകയും ഋഷഭ് പന്ത് ടീമിലുണ്ടാവുകയും ചെയ്യുമ്പോള്‍ ധോണിയെ കൂടി ടീമിലുള്‍പ്പെടുത്താനുള്ള സാധ്യതകള്‍ വിരളമാണെന്ന് സെവാഗും അഭിപ്രായപ്പെട്ടിരുന്നു.

2019 ഏകദിന ലോകകപ്പിനുശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത ധോണി ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ വീണ്ടും ഇന്ത്യന്‍ ടീമിലെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് കൊവിഡ് 19 ആശങ്കയെത്തുടര്‍ന്ന് ഐപിഎല്‍ തന്നെ മാറ്റിവെച്ചത്.