ദില്ലി: കൊവിഡ് നിയന്ത്രണ വിധേയമായ ശേഷം എങ്ങനെ ക്രിക്കറ്റ് പുനഃരാരരംഭിക്കണമെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരവും മുഖ്യ സെലക്ടര്‍ സുനില്‍ ജോഷി. മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയില്‍ എല്ലാ തരത്തിലുള്ള ക്രിക്കറ്റ് മല്‍സരങ്ങളും ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ജോഷി ഇക്കാര്യം വ്യക്തമാക്കിയത്.

ടി20യോടെ ആയിരിക്കണം ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് പുനഃരാരംഭിക്കേണ്ടതെന്ന് ജോഷി വ്യക്തമാക്കി. ''ഐപിഎല്‍ റദ്ദാക്കുകയാണെങ്കില്‍ ജോഷിക്കു കാര്യങ്ങള്‍ കുറേക്കൂടി ദുഷ്‌കരമാവും. അതുകൊണ്ടു തന്നെയാണ് ടി20യോടെ ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കണം. സയീദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റോടെ ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് ആരംഭിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.'' ജോഷി വ്യക്തമാക്കി.

ഇക്കാര്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐപിഎല്‍ നടക്കുകയാണെങ്കില്‍ അതിനും മുമ്പ് തന്നെ മുഷ്താഖ് അലി ട്രോഫി വേണമെന്നാണ് സെലക്ഷന്‍ പാനലിന്റെ ആവശ്യം. ഇത് ഐപിഎല്ലിനും ടി20 ലോകകപ്പിനും മുമ്പ് താരങ്ങള്‍ക്കു നല്ല തയ്യാറെടുപ്പാവുമെന്നും സെലക്ഷന്‍ പാനല്‍ കണക്കുകൂട്ടുന്നു. 

ഓസ്ട്രേലിയയില്‍ ഈ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുക്കുകയാണ് ജോഷിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ഐപിഎല്‍ അനിശ്ചിതത്വത്തിലായതോടെ താരങ്ങളുടെ പ്രകടനം വിലയിരുത്താന്‍ ജോഷിക്കു മുന്നില്‍ മറ്റു വഴികളില്ല.