Asianet News MalayalamAsianet News Malayalam

ഫ്രേസറുടെ വെടിക്കെട്ടിന് ശേഷം തപ്പിതടഞ്ഞ് റിഷഭ് പന്ത്! ഡല്‍ഹിക്ക് തോല്‍വി, ഹൈദരാബാദിന് അഞ്ചാം വിജയം

ആദ്യ ഓവറില്‍ തന്നെ 16 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റ് ഡല്‍ഹിക്ക് നഷ്ടമായി. വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. രണ്ടാം ഓവറില്‍ ഡേവിഡ് വാര്‍ണര്‍ (1) ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നല്‍കി.

sunrisers hyderabad won over delhi capitals by 67 runs
Author
First Published Apr 20, 2024, 11:29 PM IST

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് അഞ്ചാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 67 റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെട്ടത്. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍  ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ (32 പന്തില്‍ 89) കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് അടിച്ചെടുത്തിരുന്നത്. ഹെഡിന് പുറമെ ഷഹ്ബാസ് അഹ്മ്മദ് (29 പന്തില്‍ 59), അഭിഷേക് ശര്‍മ (12 പന്തില്‍ 46) നിര്‍ണായ പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് 19.1 ഓവറില്‍ 199 റണ്‍സെടുക്കാനാണ് സാധിച്ചത്. ടി നടരാജന്‍ നാല് വിക്കറ്റ് നേടി. 18 പന്തില്‍ 65 റണ്‍സെടുത്ത ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 

ആദ്യ ഓവറില്‍ തന്നെ 16 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റ് ഡല്‍ഹിക്ക് നഷ്ടമായി. വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. രണ്ടാം ഓവറില്‍ ഡേവിഡ് വാര്‍ണര്‍ (1) ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നല്‍കി. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ യുവതാരം ഫ്രേസര്‍ നടത്തിയ വെടിക്കെട്ടാണ് പവര്‍ പ്ലേയില്‍ ഡല്‍ഹിയെ മികച്ച നിലയിലെത്തിച്ചത്. സുന്ദറിന്റെ രണ്ടാം ഓവറില്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് ഫ്രേസര്‍ അടിച്ചെടുത്തത്. നാലാം വിക്കറ്റില്‍ അഭിഷേക് പോറലിനൊപ്പം (22 പന്തില്‍ 42) 84 റണ്‍സ് ചേര്‍ത്താണ് ഫ്രേസര്‍ മടങ്ങിയത്. യുവതാരം മടങ്ങുമ്പോള്‍ ഡല്‍ഹി ഏഴ് ഓവറില്‍ മൂന്നിന് 103 എന്ന നിലയിലായിരുന്നു.

പിന്നീടെത്തിയവരില്‍ റിഷഭ് പന്ത് (35 പന്തില്‍ 44) ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. പന്തിനാവട്ടെ താളം കണ്ടെത്താന്‍ സാധിച്ചതുമില്ല. ഇതിനിട പോറലും മടങ്ങി. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (10), ലളിത് യാദവ് (7), അക്‌സര്‍ പട്ടേല്‍ (6), ആന്റിച്ച് നോര്‍ജെ (0), കുല്‍ദീപ് യാദവ് (0) എന്നിവരും മടങ്ങി. പന്ത് അവസാന ഓവറിലും പുറത്തായി. മുകേഷ് കുമാര്‍ (0) പുറത്താവാതെ നിന്നു. നടരാജന് പുറമെ മായങ്ക് മര്‍കണ്ഡെ, നിതീഷ് റെഡ്ഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

ടോസ് നഷ്ടമായിട്ടും മിന്നുന്ന തുടക്കമാണ് ഹെഡ് - അഭിഷേക് സഖ്യം ഹൈദരാബാദിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിചേര്‍ത്തു. അതും 6.1 ഓവറില്‍. അടുത്ത പന്തില്‍ അഭിഷേക് പുറത്തായി. 12 പന്തുകള്‍ മാത്രം നേരിട്ട താരം ആറ് സിക്‌സും രണ്ട് ഫോറും നേടി. കുല്‍ദീപിന്റെ പന്തില്‍ അക്‌സറിന് ക്യാച്ച്. അതേ ഓവറില്‍ എയ്ഡന്‍ മാര്‍ക്രമിനേയും (1) കുല്‍ദീപ് മടക്കി. ഒമ്പതാം ഓവറില്‍ ഹെഡിനേയും കുല്‍ദീപ് മടക്കി. ആറ് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്. അടുത്ത ഓവറില്‍ ക്ലാസന്‍, അക്‌സറിന്റെ പന്തില്‍ ബൗള്‍ഡായി. ഇതോടെ ഹൈദരാബാദ് 9.1 ഓവറില്‍ നാലിന് 154 എന്ന നിലയിലായി.

ഈ അവസ്ഥയില്‍ കാണികള്‍ക്കും ഹെല്‍മെറ്റ് വേണ്ടിവരും! ബോള്‍ ബോയ്‌സിനും ഹെല്‍മെറ്റ് നല്‍കി അധികൃതര്‍, കാരണമറിയാം

പിന്നീടെത്തിയ നിതീഷ് റെഡ്ഡി (37) ഹൈദരാബാദിന് വേണ്ടി നിര്‍ണായക സംഭാവന നല്‍കി. 17-ാം ഓവറിലെ അവസാന പന്തിലാണ് നിതീഷ് മടങ്ങുന്നത്. അപ്പോഴേക്കും സ്‌കോര്‍ 221 റണ്‍സായിരുന്നു. അബ്ദുള്‍ സമദ് (13), പാറ്റ് കമ്മിന്‍സ് (1) എന്നിവര്‍ പെട്ടന്ന് മടങ്ങി. എന്നാല്‍ ഷഹ്ബാസിന്റെ അര്‍ധ സെഞ്ചുറി ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 29 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും രണ്ട് ഫോറും നേടി. വാഷിംഗ്ടണ്‍ സുന്ദര്‍ (0) പുറത്താവാതെ നിന്നു. നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും കുല്‍ദീപ് നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയിരുന്നു.

Follow Us:
Download App:
  • android
  • ios