നിലവിലെ ടീമിന്‍റെ ഘടനയില്‍ റെയ്ന അനുയോജ്യനല്ലെന്ന് കണ്ടതുകൊണ്ടാണ് അദ്ദേഹത്തെ ലേലത്തില്‍ വിളിക്കാതിരുന്നതെന്ന് കാശി വിശ്വനാഥ് പറഞ്ഞു. 

ബെംഗലൂരു: ഐപിഎല്‍ താരലേലം കഴിഞ്ഞപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) തങ്ങളുടെ എക്കാലത്തെയും വിശ്വസ്തനായ സുരേഷ് റെയ്നയെ(Suresh Raina) ടീമിലെടുക്കാതിരുന്നത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. റെയ്നയെ ഒരു ഫ്രാഞ്ചൈസിയും വിളിക്കാതിരുന്നതിനെതിരെ മുന്‍കാല താരങ്ങളും ആരാധകരുമെല്ലാം രംഗത്തെത്തിയിരുന്നു.

എന്നാല്‍ റെയ്നയെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥ്(Chennai Super Kings CEO Kasi Viswanath). നിലവിലെ ടീമിന്‍റെ ഘടനയില്‍ റെയ്ന അനുയോജ്യനല്ലെന്ന് കണ്ടതുകൊണ്ടാണ് അദ്ദേഹത്തെ ലേലത്തില്‍ വിളിക്കാതിരുന്നതെന്ന് കാശി വിശ്വനാഥ് പറഞ്ഞു.

വര്‍ഷങ്ങളായി ടീമിനുവേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന റെയ്നയുടെ അഭാവം മറികടക്കുക ബുദ്ധിമുട്ടാണെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി. കഴിഞ്ഞ 12 വര്‍ഷമായി ചെന്നൈക്കുവേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന കളിക്കാരനാണ് റെയ്ന. തീര്‍ച്ചയായും റെയ്നയില്ലാത്തത് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാവും. പക്ഷെ, നിലവിലെ ടീം ഘടനയും ഫോമും വെച്ചുനോക്കുമ്പോള്‍ റെയ്ന ടീമിന് അനുയോജ്യനാവില്ലെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. റെയ്നയുടെയും ഫാഫ് ഡൂപ്ലെസിയുടെയും സേവനം തീര്‍ച്ചയായും ചെന്നൈ മിസ് ചെയ്യും. പക്ഷെ ഐപിഎല്‍ ലേലത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കാം-ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാശി വിശ്വനാഥ് പറഞ്ഞു.

മിസ്റ്റര്‍ ഐപിഎല്‍ എന്നറിയപ്പെടുന്ന 35കാരനായ റെയ്നക്ക് ലേലത്തില്‍ രണ്ട് കോടി രൂപയായിരുന്നു അടിസ്ഥാന വില. എന്നാല്‍ ചെന്നൈ അടക്കം ഒരു ഫ്രാഞ്ചൈസിയും റെയ്നക്കായി ലേലത്തില്‍ താല്‍പര്യമെടുത്തില്ല. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 17.77 ശരാശരിയില്‍ 160 റണ്‍സ് മാത്രമാണ് റെയ്ന ചെന്നൈക്കായി നേടിയത്.

എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ 33-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്ന അതിനുശേഷം ദുബായില്‍ നടന്ന ഐപിഎല്ലില്‍ കളിക്കാനായി എത്തിയെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ തിരിച്ചുപോയിരുന്നു. ഐപിഎല്ലില്‍ 204 മത്സരങ്ങളില്‍ നിന്ന് 5528 റണ്‍സടിച്ചിട്ടുള്ള റെയ്ന ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും നാലാമത്തെ റണ്‍വേട്ടക്കാരനാണ്.

ഇന്നലെ അവസാനിച്ച താരലേലത്തില്‍ ആകെ 204 കളിക്കാരാണ് ലേലത്തില്‍ ടീമുകള്‍ വിളിച്ചെടുത്തത്. 67 വിദേശതാരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 76 കളിക്കാരെയാണ് ലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്നത്.