ലഖ്‌നൗ: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഇന്ത്യയുടെ ഇതിഹാസ താരങ്ങളോട് ഉപമിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌ന. ധോണിക്ക് പകരക്കാരനായിട്ടാണ് പന്തിനെ ടീമിലെത്തിച്ചത്. തുടക്കത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീടുളള മത്സരങ്ങളില്‍ താരം നിരാശപ്പെടുത്തി. ഇതോടെ താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പന്തിനെ പുകഴ്ത്തി റെയ്‌ന രംഗത്തെത്തിയത്.

യൂസ്‌വേന്ദ്ര ചാഹലുമായുള്ളി ഇന്‍സ്റ്റഗ്രാം വീഡിയോ ചാറ്റിലാണ് റെയ്‌ന ഇക്കാര്യം പറഞ്ഞത്. താരം തുടര്‍ന്നു... ''എന്നെ സംബന്ധിച്ചിടത്തോളം പന്ത് ലോകോത്തര താരമാണ്. കരുത്തോടെയാണ് ഓരോ ഷോട്ടും പായിക്കുന്നത്. മനസിനെ സന്തോഷിക്കുന്ന ഷോട്ടുകളാണ് അവന്റേത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ മുന്‍ ഇതിഹാസങ്ങളെപ്പോലെ ബാറ്റിങില്‍ അത്രയും ആധിപത്യം സ്ഥാപിക്കാന്‍ ശേഷിയുള്ളവനാണ് പന്ത്. അവന്റെ ഫ്ളിക്ക് കാണുമ്പോള്‍ ദ്രാവിഡിനെയാണ് ഓര്‍മ വരിക.'' റെയ് പറഞ്ഞു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കായികക്ഷമത അപാരമാണെന്നും റെയ്‌ന പറഞ്ഞു. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കോലിക്കു പ്രത്യേക കഴിവുണ്ട്. ദൈര്‍ഘ്യം കുറഞ്ഞ ഫോര്‍മാറ്റുകളില്‍ കളിക്കുമ്പോള്‍ വളരെയധികം അഗ്രഷന്‍ കൂടിയേ തീരുവെന്നും റെയ്ന അഭിപ്രായപ്പെട്ടു.

ന്യൂസിലന്‍ഡില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് പന്ത് ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. എന്നാല്‍ ഈ പരമ്പരയില്‍ താരത്തിനു തിളങ്ങാനായില്ല. വെറും 60 റണ്‍സാണ് നാല് ഇന്നിങ്സുകളിലായി പന്ത് നേടിയത്.