ചിലപ്പോഴൊക്കെ ഇത്തരം ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഈ പോസ്റ്റ് കണ്ടപ്പോള്‍ തന്നെ താന്‍ റെയ്നയുമായി സംസാരിച്ചുവെന്നും അഫ്രീദി
മുംബൈ: തന്നെ ട്രോളിയ പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കുമ്പോള്‍ മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് ഇന്ത്യന്‍ താരം സുരേഷ് റെയ്ന. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായ ഷാഹിദ് അഫ്രീദിയെ ടി20 ലോകകപ്പിനുള്ള അംബാസഡറായി ഐസിസി തെരഞ്ഞെടുത്തതിന് പിന്നാലെ പാക് മാധ്യമപ്രവര്‍ത്തകനായ ഇമ്രാന്‍ സിദ്ധിഖ് ആണ് വിവാദത്തിന് തുടക്കമിട്ടത്. ഹലോ... സുരേഷ് റെയ്‌ന, 2024ലെ ടി 20 ലോകകപ്പിന്‍റെ അംബാസഡറായി ഷാഹിദ് അഫ്രീദിയെ തെരഞ്ഞെടുത്തത് അറിഞ്ഞിരിക്കുമല്ലോ എന്നായിരുന്നു ഇമ്രാന്‍ സിദ്ധിഖിന്‍റെ എക്സ് പോസ്റ്റ്.
ഇതിന് താനെ റെയ്ന നല്‍കിയ മറുപടി ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഞാന്‍ ഐസിസിയുടെ അംബാസഡറല്ല. പക്ഷേ, 2011ലെ ലോകകപ്പ് കിരീടം എന്‍റെ വീട്ടിലുണ്ട്. അന്ന് മൊഹാലിയിലെ മത്സരം ഓര്‍മ്മയുണ്ടാവുമല്ലോ. അത് താങ്കൾ ഒരിക്കലും മറക്കില്ലെന്നെനിക്കുറപ്പാണ്. 2011 ലോകകപ്പിലെ മൊഹാലി പോരില്‍ ഇന്ത്യ 29 റണ്‍സിന് പാകിസ്ഥാനെ തോല്‍പിച്ചിരുന്നു. പുറത്താവാതെ 36 റണ്‍സെടുത്ത റെയ്‌നയുടെ ഇന്നിംഗ്‌സ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു. ഇത് ഓര്‍മിപിച്ചാണ് റെയ്‌ന പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന് മറുപടി നല്‍കിയത്.
എന്നാല്‍ ഈ മറുപടിയാണ് ഇപ്പോള്‍ റെയ്ന ഡീലിറ്റ് ചെയ്തുവെന്ന് അഫ്രീദി വ്യക്തമാക്കിയത്. ചിലപ്പോഴൊക്കെ ഇത്തരം ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഈ പോസ്റ്റ് കണ്ടപ്പോള്‍ തന്നെ താന്‍ റെയ്നയുമായി സംസാരിച്ചുവെന്നും അഫ്രീദി പറഞ്ഞു. ഇളയ സഹോദരനെപ്പോലെ അദ്ദേഹം ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കിയശേഷം പോസ്റ്റ് ഡീലിറ്റ് ചെയ്യാന്‍ സമ്മതിച്ചുവെന്നും അഫ്രീദി പറഞ്ഞു. അതൊന്നും വലിയ പ്രശ്നമല്ല, ഇത്തരം കാര്യങ്ങളൊക്കെ സംഭവിക്കും. പക്ഷെ തെറ്റ് തിരിച്ചറിയുകയും അത് തിരുത്തുകയും ചെയ്യുക എന്നത് മഹാന്‍മാര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്-അഫ്രീദി പറഞ്ഞു.
നേരത്തെ ഐപിഎല്‍ കമന്‍ററിക്കിടെയും റെയ്ന അഫ്രീദിയെ കളിയാക്കിയിരുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഐപിഎല്ലില്‍ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് അതിന് താന്‍ അഫ്രീദിയല്ലല്ലോ എന്ന് റെയ്ന തമാശയായി മറുപടി നല്‍കിയിരുന്നു.
