റിഷഭ് പന്തിനോടുള്ള സാഹോദര്യവും സൗഹൃദവും വ്യക്തമാക്കുന്നതായിരുന്നു സുരേഷ് റെയ്‌നയുടെ ട്വീറ്റ്

ദില്ലി: കാറപകടത്തില്‍ ഏറ്റ പരിക്കില്‍ നിന്ന് മുക്തനായി വരുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തിനെ സന്ദര്‍ശിച്ച് മുന്‍ താരങ്ങളായ എസ് ശ്രീശാന്തും ഹര്‍ഭജന്‍ സിംഗും സുരേഷ് റെയ്‌നയും. പന്തിനൊപ്പം പുഞ്ചിരിക്കുന്ന മുഖവുമായുള്ള ചിത്രം താരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. റിഷഭ് പന്തിനോടുള്ള സാഹോദര്യവും സൗഹൃദവും വ്യക്തമാക്കുന്നതായിരുന്നു സുരേഷ് റെയ്‌നയുടെ ട്വീറ്റ്. റിഷഭ് എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്ന് മുന്‍ താരങ്ങള്‍ ആശംസിച്ചു. 

അപകടത്തെ തുടര്‍ന്ന് കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം വീട്ടില്‍ സുഖംപ്രാപിച്ച് വരികയാണ് റിഷഭ് പന്ത്. ഫിസിയോതെറാപ്പി ഉള്‍പ്പടെയുള്ള തുടര്‍ ചികില്‍സകള്‍ താരം ചെയ്‌തുവരുന്നു. ഇപ്പോഴും ക്രച്ചസിന്‍റെ സഹായത്തോടെയാണ് അദേഹം നടക്കുന്നത്. 

Scroll to load tweet…

2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. അമ്മയെ കാണാനായി ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെയുണ്ടായായിരുന്നു അപകടം. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചു. എന്നാല്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി. എയര്‍ ലിഫ്റ്റ് ചെയ്‌താണ് താരത്തെ മുംബൈയിലെ ആശുപത്രിയിലെത്തിച്ചത്. 

ഇവിടെ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ സ്പോര്‍ട്‌‌സ് മെഡിസിന്‍ വിദഗ്‌ധനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലായിരുന്നു താരത്തിന്‍റെ ശസ്ത്രക്രിയ. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം തുടര്‍ ചികില്‍സകളുമായി വീട്ടില്‍ കഴിയുകയാണ് റിഷഭ് പന്തിപ്പോള്‍. റിഷഭിന്‍റെ അഭാവം ഇന്ത്യന്‍ ടീമിനെ ഏറെ പ്രതികൂലമായി ബാധിക്കുന്നത് ക്രിക്കറ്റ് ലോകം കണ്ടു. ഈ മാസം അവസാനം ആരംഭിക്കുന്ന ഐപിഎല്‍ പതിനാറാം സീസണും ജൂണിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമടക്കം ഏറെ മത്സരങ്ങള്‍ റിഷഭിന് നഷ്‌ടമാകും. 

പരിക്കിന് ശേഷമുള്ള തിരിച്ചുവരവ്; റിഷഭ് പന്തിന് ഏറ്റവും നിര്‍ണായക ഉപദേശവുമായി ഗാംഗുലി