മുംബൈ: നിര്‍ണായകമായ നാലാം നമ്പറില്‍ ഉചിതമായ ബാറ്റ്സ്‌മാനെ കണ്ടെത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഏറെ പ്രതീക്ഷയോടെ ചേക്കേറിയ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ഋഷഭ് പന്തും നിരാശയാണ് സമ്മാനിക്കുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ ഇന്ത്യക്ക് നാലാം നമ്പറില്‍ കൃത്യമായ ഉത്തരം കണ്ടെത്തിയേ മതിയാകൂ.

നാലാം നമ്പറില്‍ ഞാന്‍ വരട്ടെ

ഏറെ ചര്‍ച്ചകള്‍ നടക്കുന്ന നാലാം നമ്പറില്‍ തനിക്ക് തിരിച്ചെത്താനാകുമെന്ന് പറയുകയാണ് സീനിയര്‍ താരം സുരേഷ് റെയ്‌ന. 'ടീം ഇന്ത്യക്കായി നാലാം നമ്പറില്‍ എനിക്ക് ബാറ്റ് ചെയ്യാനാവും. ആ സ്ഥാനത്ത് മുന്‍പ് ഇറങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന രണ്ട് ടി20 ലോകകപ്പുകളില്‍ നാലാമനായി കളിക്കാനാണ് പ്രയത്നിക്കുന്നത്' എന്നും മുപ്പത്തിരണ്ടുകാരനായ റെയ്‌ന ദ് ഹിന്ദുവിനോട് പറഞ്ഞു.

നാലാം നമ്പര്‍ സ്ഥാനത്തെ ചൊല്ലി രണ്ട് വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഏറെ പറഞ്ഞുകേട്ട അമ്പാട്ടി റായുഡുവിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലോകകപ്പ് ടീമില്‍ സ്ഥാനം കിട്ടിയില്ല. പകരമെത്തിയ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ലോകകപ്പിനിടെ പരുക്കേറ്റ് പുറത്തായി. ലോകകപ്പില്‍ പിന്നീട് കണ്ട ഋഷഭ് പന്തിനും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ലോകകപ്പിന് ശേഷം വിന്‍ഡീസ് പര്യടനത്തിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20യിലും നിരാശയായിരുന്നു പന്തിന്‍റെ ഫലം. ഇതോടെ പന്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് അരങ്ങേറുന്നത്.

ഋഷഭ് പന്തിന് ഉപദേശം

എന്നാല്‍ ഋഷഭ് പന്തിന്‍റെ പ്രകടനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശം റെയ്‌ന നല്‍കുന്നുണ്ട്. 'പന്ത് ആശയക്കുഴപ്പത്തിലാണ്, അദേഹത്തിന്‍റെ സ്വതസിദ്ധമായ ശൈലിയിലല്ല കളിക്കുന്നത്. സിംഗിളുകള്‍ക്കും പ്രതിരോധത്തിനും ശ്രമിച്ച് പരാജയപ്പെടുന്നു. ക്രിക്കറ്റ് മാനസിക ഗെയിം കൂടിയാണ്. പന്ത് അറ്റാക്കിംഗ് ക്രിക്കറ്റുമായി തിരിച്ചെത്തണം. ഏറെ നിര്‍ദേശങ്ങള്‍ക്ക് ഉള്ളില്‍ നിന്നാണ് ഇപ്പോള്‍ അദേഹം കളിക്കുന്നത്. എം എസ് ധോണി ചെയ്തിരുന്നതുപോലെ മുതിര്‍ന്ന താരങ്ങളിലാരെങ്കിലും പന്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കണമെന്നും' റെയ്‌ന കൂട്ടിച്ചേര്‍ത്തു.