ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയിലും ചാംപ്യന്‍സ് ട്രോഫിയിലും പന്ത് വിക്കറ്റ് കീപ്പറാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്.

ലഖ്‌നൗ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാംപ്യന്‍സ് ട്രോഫിയിലും ഉത്തരവാദിത്തോടെ ബാറ്റ് ചെയ്താല്‍ റിഷഭ് പന്തിന് ഏകദിന ഫോര്‍മാറ്റില്‍ മികവ് പുലര്‍ത്താനാവുമെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. പന്ത് ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടിയത് ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മികച്ച ഫോമിലുള്ള മലയാളി താര സാംസണെ മറികടന്നാണ് പന്ത് വരുന്നത്. ടെസ്റ്റില്‍ കാണിക്കുന്ന മികവ് പന്തിന് നിശ്ചത ഓവര്‍ ക്രിക്കറ്റില്‍ പുറത്തെടുക്കാനാവുന്നില്ല. ഇഷാന്‍ കിഷന്‍, ധ്രുവ് ജൂറല്‍ എന്നിവരെയൊക്കെ പന്ത് പിന്തള്ളി.

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന പരമ്പരയിലും ചാംപ്യന്‍സ് ട്രോഫിയിലും പന്ത് വിക്കറ്റ് കീപ്പറാകുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. 2023 ഏകദിന ലോകകപ്പില്‍ കീപ്പറായിരുന്ന കെ എല്‍ രാഹുലിനാണ് ഇത്തവണ സാധ്യത. ഇതിനിടെയണ് റെയ്‌ന, പന്തിനെ കുറിച്ച് സംസാരിച്ചത്. ''അവന്‍ വിക്കറ്റ് കീപ്പിംഗില്‍ വളരെയധികം മെച്ചപ്പെട്ടു. എന്നാല്‍ റിഷഭ് പന്ത് കൂടുതല്‍ ഉത്തരവാദിത്തത്തോടെ കളിക്കേണ്ടതുണ്ട്. കാരണം ഇത് 50 ഓവര്‍ ടൂര്‍ണമെന്റാണ്. ഇംഗ്ലണ്ടുമായുള്ള വരാനിരിക്കുന്ന പരമ്പര പന്തിനെ സംബന്ധിച്ചിടത്തോളം നല്ല അവസരമായിരിക്കും. യശസ്വി ജയ്‌സ്വാള്‍ ടോപ്പ് ഓര്‍ഡറില്‍ കളിച്ചില്ലെങ്കില്‍ പന്തിന് വളരെ പ്രധാനപ്പെട്ട റോള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ കഴിയും. ബാക്കിയെല്ലാം നിങ്ങള്‍ എങ്ങനെ കളിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും.'' റെയ്‌ന വ്യക്തമാക്കി.

ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് നൈജീരിയ! അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ ചരിത്രം കുറിച്ച് ആഫ്രിക്കന്‍ രാജ്യം

ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയും 50 പന്തുകളെങ്കിലും കളിക്കുകയും ചെയ്താല്‍ പന്തിന് സെഞ്ച്വറി നേടാനാവുമെന്നും റെയ്‌ന വ്യക്തമാക്കി. ''50 പന്തുകള്‍ കളിച്ചാല്‍ തനിക്ക് 80-100 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്ന് അയാള്‍ക്ക് സ്വയം പറയാന്‍ കഴിയണം. ക്രീസില്‍ കുറച്ച് സമയം ചെലവഴിക്കേണ്ടത് അദ്ദേഹത്തിന് പ്രധാനമാണ്. ഒരു തെറ്റ് ചെയ്താല്‍ അതിന് വലിയ വില നല്‍കേണ്ടിവരും.'' റെയ്‌ന കൂട്ടിചേര്‍ത്തു.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍.