മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ച ഒരേയൊരു ബാറ്റ്സ്മാനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍ 99 സെഞ്ചുറികള്‍ക്കുശേഷം നൂറാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് അല്‍പം നീണ്ടുപോയി. ഒടുവില്‍ 2012ലെ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു കാത്തിരിപ്പിന് വിരാമമിട്ട് സച്ചിന്‍ നൂറാം സെഞ്ചുറി തികച്ചത്.

ഈ സമയം സച്ചിനൊപ്പം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്നത് സുരേഷ് റെയ്നയായിരുന്നു. ഇരുവരും ചേര്‍ന്ന് 86 റണ്‍സിന്‍റെ കൂട്ടുകെട്ടുമുണ്ടാക്കി. സച്ചിന്‍ നൂറാം രാജ്യാന്തര സെഞ്ചുറി തികച്ച മത്സരത്തില്‍ റെയ്ന അര്‍ധ സെഞ്ചുറി നേടിയിരുന്നു. സെഞ്ചുറി പൂര്‍ത്തിയാക്കിയശേഷം സച്ചിനെ അഭിനന്ദിക്കാനായി ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുക്കുകയാണ് റെയ്ന.

ഷാക്കിബ് അല്‍ ഹസന്‍റെ പന്തില്‍ സിംഗിളെടുത്ത്  സച്ചിന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ഞാനദ്ദേഹത്തിന് അടുത്തെത്തി പറഞ്ഞു, വെല്‍ഡണ്‍ പാജി, ഇതിനായുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി, ഈ നിമിഷത്തിനായുള്ള  കാത്തിരിപ്പിന്‍റെ സമ്മര്‍ദ്ദത്തില്‍ എന്‍റെ മുടിയെല്ലാം നരച്ചുവെന്നായിരുന്നു.

അപ്പോഴാണ് എന്ത് മാത്രം മാനസിക സമ്മര്‍ദ്ദമാണ് ഈ മനുഷ്യന്‍ അനുഭവിക്കുന്നത് എന്ന് എനിക്ക് തിരിച്ചറിയാനായത്-റെയ്ന പറഞ്ഞു. ടെസ്റ്റില്‍ 51ഉം ഏകദിനത്തില്‍ 49 സെഞ്ചുറികള്‍ അടക്കമാണ് സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറി തികച്ചത്. സച്ചിന്‍ നൂറാം സെഞ്ചുറി തികച്ച മത്സരത്തില്‍ പക്ഷെ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റു.