ചെന്നൈ: അപ്രതീക്ഷിതമായാണ് കഴിഞ്ഞ ​ദിവസം ധോണിയും റെയ്നയും ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന വാർത്ത ആരാധകരെ തേടി എത്തിയത്. ധോണിയുടെ വിരമിക്കല്‍ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് താനും വിരമിക്കുന്നതായി റെയ്ന ആരാധകരെ അറിയിച്ചത്. പിന്നാലെ ഇരുവർക്കും ആശംസകളുമായി മുൻതാരങ്ങളും സഹതാരങ്ങളും രം​ഗത്തെത്തി. ഇതിൽ ഏറ്റവും ഹൃദയംഗമമായ കുറിപ്പ് റെയ്നയുടെ ഭാര്യ പ്രിയങ്ക ചൗധരിയുടേതായിരുന്നു. 

"ഞാൻ ഇപ്പോഴും ഇത് ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ്. എങ്കിലും എനിക്ക് ഇപ്പോൾ പറയാൻ കഴിയുന്നത് എന്റെ ഉള്ളം അഭിമാനത്താൽ, അത്യധികം അഭിമാനത്താൽ നിറഞ്ഞുകവിയുകയാണ് എന്നാണ്. എന്റെ ഹൃദയം ആദരവിനാലും കൃതാർഥതയാലും നിറഞ്ഞ് കഴിഞ്ഞു" പ്രിയങ്ക ട്വീറ്ററിൽ കുറിച്ചു.  റെയ്നയുടെ കരിയറിലെ ഏതാനും നിമിഷങ്ങളുടെ ചിത്രവും  പ്രിയങ്ക ട്വീറ്റിനൊപ്പം പങ്കുവച്ചു. പിന്നാലെ പ്രിയതമയ്ക്ക് റെയ്ന മറുപടിയും നൽകി. 'ഞാൻ നിന്നെ സ്നേഹിക്കുന്നു, ജാൻ" എന്നായിരുന്നു റെയ്നയുടെ മറുപടി ട്വീറ്റ്.

ധോണിയും റെയ്നയും വിരമിച്ചെങ്കിലും വരുന്ന ഐപിഎല്ലില്‍ ഇരുവരും ഒരുമിച്ച് ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കും. മുപ്പത്തിമൂന്നാം വയസിലാണ് സുരേഷ് റെയ്ന വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് കാത്തുനില്‍ക്കാതെയാണ് പാഡഴിക്കല്‍. ടീം ഇന്ത്യക്കായി 226 ഏകദിനങ്ങള്‍ കളിച്ച റെയ്ന 5615 റണ്‍സും 78 ടി20യില്‍ 1604 റണ്‍സും 18 ടെസ്റ്റില്‍ 768 റണ്‍സും നേടിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 2011 ലോകകപ്പ് നേടിയ ടീമില്‍ തിളങ്ങിയ താരമാണ് റെയ്ന.