വെല്ലിംഗ്ടണ്‍: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയും ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെയും മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയതില്‍ തനിക്ക് അത്ഭുതമുണ്ടെന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. റാങ്കിംഗില്‍ ഒന്നാമനായെങ്കിലും കോലിയും സ്മിത്തും തന്നെയാണ് ഏറ്റവും മികച്ച കളിക്കാരെന്നും  അവരെ മറികടന്ന് ഒന്നാമതെത്തി എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും വില്യംസണ്‍ പറഞ്ഞു.

ബാറ്റിംഗ് റാങ്കിംഗിലെ ഒന്നാം സ്ഥാനം തന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നുവെന്നും വില്യംസണ്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി കോലിയും സ്മിത്തുമാണ് ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മാറി മാറി വരാറുള്ളത്. എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്തുന്ന അവര്‍ രണ്ടുപേരുമാണ് ക്രിക്കറ്റിനെ ശരിക്കും മുന്നോട്ട് നയിക്കുന്നവര്‍. അവര്‍ക്കെതിരെ കളിക്കാനായി എന്നത് തന്നെ ഭാഗ്യമാണെന്നും വില്യംസണ്‍ പറഞ്ഞു.

വ്യക്തിഗത പ്രകടനങ്ങള്‍ക്കോ നേട്ടങ്ങള്‍ക്കോ അല്ല താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും ടീമിന്‍റെ മികച്ച പ്രകടനത്തിനാണെന്നും വില്യംസണ്‍ പറഞ്ഞു. 2020ല്‍  വില്യംസണ് കീഴില്‍ കളിച്ച ആറ് ടെസ്റ്റില്‍ അഞ്ചിലും ന്യൂസിലന്‍ഡ് ജയിച്ചു. ഇന്ത്യക്കെതിരെയും വെസ്റ്റ് ഇന്‍ഡീസിനെതിരെയും പരമ്പര തൂത്തുവാരിയ ന്യൂസിലന്‍ഡ് ബോക്സിംഗ് ഡേ ടെസ്റ്റില്‍ പാക്കിസ്ഥാനെതിരെയും നാടകീയ ജയം സ്വന്തമാക്കിയിരുന്നു.

ടെസ്റ്റില്‍ 890 റേറ്റിംഗ് പോയന്‍റുമായാണ് വില്യംസണ്‍ റാങ്കിംഗില്‍ ഒന്നാമനായത്. രണ്ടാം സ്ഥാനത്തുള്ള കോലിക്ക് 879 പോയന്‍റും മൂന്നാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിന് 877 പോയന്‍റുമാണുള്ളത്.