സൂര്യയുടെ ഫിനിഷിംഗ് കഴിവ് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരെ (IND vs WI) ആദ്യ ഏകദിനത്തില്‍ 34 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. 

അഹമ്മദാബാദ്: ഇന്ത്യന്‍ ടീമില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ് (Suryakumar Yadav). ഇതുവരെ അഞ്ച് ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 197 റണ്‍സാണ് താരം നേടിയത്. 65.66 ശരാശരിയിലാണ് ഇത്രയും റണ്‍സ്. ഇതില്‍ ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. താരത്തിന്റ ഫിനിഷിംഗ് കഴിവ് ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരെ (IND vs WI) ആദ്യ ഏകദിനത്തില്‍ 34 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു.

പലരും സൂര്യയെ മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്കല്‍ ബെവനോട് (Michael Bevan) താരതമ്യം ചെയ്തുകഴിഞ്ഞു. സ്ഥിരതയുടെ പര്യായമായിരുന്നു ബെവന്‍. ഇതുവച്ച് തന്നെയാണ് ക്രിക്കറ്റ് ആരാധകര്‍ സൂര്യയെ ബെവനോട് താരതമ്യം ചെയ്യുന്നത്. ഇന്ന് രണ്ടാം ഏകദിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലും മാധ്യമപ്രവര്‍ത്തകര്‍ ഇത്തരമൊരു താരതമ്യത്തിന് മുതിര്‍ന്നു.

എന്നാല്‍ ഒരു മാസ് മറുപടിയാണ് താരം കൊടുത്തത്. അതിങ്ങനെ... ''എന്നെ സൂര്യകുമാറായിട്ട് തന്നെ കളിക്കാന്‍ വിടൂ. ഞാന്‍ ഇന്ത്യക്ക് വേണ്ടി വളരെ ചുരുക്കം മത്സരങ്ങളേ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളൂ. എന്നാല്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്താലും ഞാന്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ ശ്രമിച്ചകൊണ്ടിരിക്കും. ഇപ്പോള്‍ എന്താണോ ചെയ്യുന്നത്, അതുതന്നെ തുടര്‍ന്നും ചെയ്തുകൊണ്ടിരിക്കും. ഭയമില്ലാതെ കളിക്കാനാണ് ഞാനും താല്‍പര്യപ്പെടുന്നത്.'' സൂര്യ മറുപടി പറഞ്ഞു. 

ബാറ്റിംഗ് പൊസിഷനെ കുറിച്ചും സൂര്യകുമാര്‍ സംസാരിച്ചു. ''ടീം മാനേജ്‌മെന്റ് എന്താണോ ആവശ്യപ്പെടുന്നത്, അത് ഭംഗിയായി പൂര്‍ത്തിയാക്കുകയാണ് എന്റെ ജോലി. ഞാന്‍ എവിടേയും ബാറ്റ് ചെയ്യാന്‍ തയ്യാറാണ്. മുമ്പ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് എവിടെ ബാറ്റ് ചെയ്താനും എനിക്ക് ബുദ്ധിമുട്ട് തോന്നാറില്ല.'' സൂര്യകുമാര്‍ പറഞ്ഞുനിര്‍ത്തി.

നാളെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.