ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സൂര്യുകുമാര്‍. രാഹുല്‍, രോഹിത് എന്നിവര്‍ക്ക് പുറമെ സുരേഷ് റെയ്‌ന, ദീപക് ഹൂഡ എന്നിവരും സെഞ്ചുറി നേടിയവരാണ്.
നോട്ടിംഗ്ഹാം: ടി20 ക്രിക്കറ്റില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ഇന്ത്യന്‍ നേട്ടം സൂര്യകുമാര്‍ യാദവിന് (Suryakumar Yadav) നഷ്ടമായത് വെറും ഒരു റണ്‍സിന്. ഇംഗ്ലണ്ടിനെതിനെതിരെ (ENGvIND) അവസാന ടി20യില്‍ 117 റണ്‍സാണ് സൂര്യുകുമാര്‍ അടിച്ചെടുത്തത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്‍ഡോറില്‍ 118 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് (Rohit Sharma) ഇക്കാര്യത്തില്‍ ഒന്നാമന്‍. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 111 റണ്‍സും രോഹിത് നേടിയിരുന്നു. 2016ല്‍ വിന്‍ഡീസിനെതിരെ പുറത്താവാതെ 110 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് നാലാം സ്ഥാത്ത്.
അതേസമയം, ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സൂര്യുകുമാര്‍. രാഹുല്‍, രോഹിത് എന്നിവര്‍ക്ക് പുറമെ സുരേഷ് റെയ്‌ന, ദീപക് ഹൂഡ എന്നിവരും സെഞ്ചുറി നേടിയവരാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ടി20യില്‍ ഇന്ത്യയുടെ ആദ്യത്തെ തോല്‍വിയാണിത്. 17 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനാണ് സാധിച്ചത്. റീസെ ടോപ്‌ലി ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് നേടി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ പന്തിന്റെ വിക്കറ്റ് നഷ്ടമായി. ടോപ്‌ലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാമണ് പന്ത് മടങ്ങുന്നത്. അടുത്ത ഓവറില്‍ കോലിയും മടങ്ങി. വില്ലിക്കെതിരെ ഒരു ഫോറും മനോഹരമായ സിക്‌സും നേടിയാണ് കോലി തുടങ്ങിയത്. പഴയ ഫോമിലേക്ക് തിരിച്ചെത്തിയെന്നുള്ള തോന്നല്‍ മിക്കവരിലുമുണ്ടാക്കി. എന്നാല്‍ അടുത്ത പന്തില്‍ ജേസണ്‍ റോയ്ക്ക് ക്യാച്ച് നല്‍കി മുന്‍ ക്യാപ്റ്റന്‍ മടങ്ങി. അഞ്ചാം ഓവറില്‍ ടോപ്‌ലിയുടെ പന്തില്‍ രോഹിത്തും പവലിയനില്‍ തിരിച്ചെത്തി. ശ്രേയസ് അയ്യരുടെ (23 പന്തില്‍ 28) ഇന്നിംഗ്‌സിന് വേഗം പോരായിരുന്നു. ദിനേശ് കാര്‍ത്തിക് (6), രവീന്ദ്ര ജഡേജ (7), ഹര്‍ഷല്‍ പട്ടേല്‍ (5) എന്നിവരും നിരാശപ്പെടുത്തിയതോടെ സൂര്യകുമാറിന്റ പോരാട്ടം പാഴായി. രവി ബിഷ്‌ണോയാണ് (2) പുറത്തായ മറ്റൊരു താരം. 19-ാം ഓവറിലാണ് താരം പുറത്താവുന്നത്. 55 പന്തില്‍ ആറ് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്‌സ്. ആവേഷ് ഖാന്‍ (1) പുറത്താവാതെ നിന്നു.
നേരത്തെ, ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷമാണ് ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. ജേസണ്‍ റോയ് (27), ജോസ് ബട്‌ലര്‍ (18), ഫിലിപ് സാള്‍ട്ട് (8) എന്നിവര്‍ക്കക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മൂന്നിന് 84 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ മലാന്‍- ലിവിംഗ്സ്റ്റണ്‍ സഖ്യം ടീമിനെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ഇരുവരും 84 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 39 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെയാണ് മലാന്‍ 77 റണ്‍സെടുത്തത്. എന്നാല്‍ ബിഷ്‌ണോയിയുടെ പന്തില്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി മലാന്‍ മടങ്ങി. തുടര്‍ന്നെത്തിയ മൊയീന്‍ അലി (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. എന്നാല്‍ ലിവിംഗസ്റ്റണിന്റെ പോരാട്ടം സ്‌കോര്‍ 200 കടത്തി. ക്രിസ് ജോര്‍ദാനാണ് (11) പുറത്തായ മറ്റൊരു താരം. ലിയാം ലിവിംഗ്‌സ്റ്റണ്‍ (42) നിര്‍ണായക പിന്തുണ നല്‍കി. രണ്ട് വിക്കറ്റ് നേടിയ രവി ബിഷ്‌ണോയിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.
