അണ്ടര്‍ 19 ക്രിക്കറ്റില്‍ സൂര്യകമാറിനും കെ എല്‍ രാഹുലിനുമെല്ലാം ഒപ്പം കളിച്ച നേത്രാവല്‍ക്കര്‍ ഇവിടെ അവസരങ്ങള്‍ കുറവായതുകൊണ്ടാണ് അമേരിക്കയില്‍ ഉപരിപഠനത്തിനായി പോയത്.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അമേരിക്കക്കായി സൂപ്പര്‍ ഓവറില്‍ നിര്‍ണായക ബൗളിംഗ് പ്രകടനം പുറത്തെടുത്ത ഇന്ത്യൻ വംശജന്‍ സൗരഭ് നേത്രാവല്‍ക്കറെ അഭിനന്ദിച്ച് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ വംശജനായ നേത്രാവല്‍ക്കര്‍ അണ്ടര്‍ 19 ക്രിക്കറ്റില്‍ മുംബൈ ടീമില്‍ സൂര്യകുമാറിന്‍റെ സഹതാരമായിരുന്നു. 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച നേത്രാവല്‍ക്കര്‍ കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ജയേദേവ് ഉനദ്ഘട്ട് എന്നിവര്‍ക്കൊപ്പവും ഡ്രസ്സിംഗ് റൂം പങ്കിട്ടിട്ടുണ്ട്.

നിന്നെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു, നിന്‍റെ നേട്ടത്തില്‍ മുംബൈയിലുള്ള കുടുംബത്തെ ഓര്‍ത്ത് ഏറെ സന്തോഷിക്കുന്നു എന്നായിരന്നു സൂര്യകുമാര്‍ യാദവിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. അണ്ടര്‍ 19 ക്രിക്കറ്റില്‍ സൂര്യകമാറിനും കെ എല്‍ രാഹുലിനുമെല്ലാം ഒപ്പം കളിച്ച നേത്രാവല്‍ക്കര്‍ ഇവിടെ അവസരങ്ങള്‍ കുറവായതുകൊണ്ടാണ് അമേരിക്കയില്‍ ഉപരിപഠനത്തിനായി പോയത്. അമേരിക്കയിലെത്തി കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ഡിഗ്രിയെടുത്ത നേത്രാവല്‍ക്കര്‍ ഒറാക്കിളില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ഏഴ് വര്‍ഷം ജോലി ചെയ്തു.

Scroll to load tweet…

ടെക്കി കരിയറിനൊപ്പം ക്രിക്കറ്റിലും തുടര്‍ന്ന നേത്രാവല്‍ക്കര്‍ 2019ലാണ് അമേരിക്കന്‍ ടീമിലെത്തിയത്. ഇന്നലെ അമേരിക്കന്‍ ക്രിക്കറ്റിന്‍റെ ചരിത്രം തിരുത്തിയ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും നേത്രാവല്‍ക്കര്‍ക്കായി. ആദ്യം നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത നേത്രാവല്‍ക്കര്‍ പിന്നീട് സൂപ്പര്‍ ഓവറില്‍ 18 റണ്‍സ് പ്രതിരോധിച്ച് അമേരിക്കക്ക് ടി20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറി വിജയങ്ങളിലൊന്ന് അമേരിക്കക്ക് സമ്മാനിക്കുകയും ചെയ്തു. 12ന് നടക്കുന്ന ഇന്ത്യ- അമേരിക്ക മത്സരത്തില്‍ നേത്രാവല്‍ക്കറും സൂര്യകുമാറും മുഖാമുഖം വരും. അതിന് മുമ്പ് ഒമ്പതിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക