Asianet News MalayalamAsianet News Malayalam

ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് രോഹിത്തിന്‍റെ പടിയിറക്കം, ഹാർദ്ദിക്കിന്‍റെ ആരോഹണം, പ്രതികരിച്ച് സൂര്യകുമാർ യാദവ്

ഹാര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോയതോടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മയുടെ പിന്‍ഗാമിയാവുമെന്ന് പ്രതീക്ഷിക്കപ്പെട്ട കളിക്കാരിലൊരാളാണ് സൂര്യകുമാര്‍ യാദവ്.

Suryakumar Yadav cryptic post after after Hardik Pandya replaces Rohit Sharma as captain
Author
First Published Dec 16, 2023, 11:29 AM IST

മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രോഹിത് ശര്‍മയുടെ പടിയിറക്കം ആരാധകരെ മാത്രമല്ല ടീമിലെ കളിക്കാരെയും നിരാശരാക്കിയെന്ന് സൂചന. കളിക്കാരോട് പോലും ആലോചിക്കാതെയാണോ ടീം മാനേജ്മെന്‍റ് ഇത്തരം ഒരു നിര്‍ണായക തീരുമാനം എടുത്തത് എന്നാണ് ചോദ്യം.

അതിനിടെ രോഹിത് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ മുംബൈ ടീമിന്‍റെ ബാറ്റിംഗ് നട്ടെല്ലായ സൂര്യകുമാര്‍ യാദവ് ഹൃദയം തകരുന്ന ഇമോജി ഇട്ട് പ്രതികരിച്ചത് ക്യാപ്റ്റന്‍ മാറിയതില്‍ ടീം അംഗങ്ങളും നിരാശരാണെന്നതിന്‍റെ സൂചനയയായി.

ഹാര്‍ദ്ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോയതോടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മയുടെ പിന്‍ഗാമിയാവുമെന്ന് പ്രതീക്ഷിക്കപ്പെട്ട കളിക്കാരിലൊരാളാണ് സൂര്യകുമാര്‍ യാദവ്. സമീപകാലത്ത് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് 4-1ന്‍റെ ആധികാരിക വിജയം സമ്മാനിക്കാനും സൂര്യകുമാറിന്‍റെ ക്യാപ്റ്റന്‍സിക്കായി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും സൂര്യയാണ് ഇന്ത്യയെ നയിച്ചത്.

ഐപിഎൽ വിപ്ലവത്തിന് പിന്നാലെ പുതിയ ക്രിക്കറ്റ് ലീഗുമായി ബിസിസിഐ, ഇത്തവണ പരീക്ഷണം ടി10 ക്രിക്കറ്റില്‍

എന്നാല്‍ ഐപിഎല്‍ ലേലത്തിന് മുമ്പ് അപ്രതീക്ഷിത നീക്കത്തിലൂടെ ഹാര്‍ദ്ദിക് പാണ്ഡ്യയെ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി പ്രഖ്യാപിച്ചതോടെ സൂര്യകുമാര്‍ അടക്കമുളള താരങ്ങളുടെ ക്യാപ്റ്റന്‍സി സാധ്യതകള്‍ കൂടിയാണ് അവസാനിച്ചത്. ഇതാണോ സൂര്യകുമാറിന്‍റെ പ്രതികരണത്തിന് പിന്നിലെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിക്കുകയും രണ്ടാം സീസണില്‍ ഫൈനലിലെത്തിക്കുകയും ചെയ്ത ഹാര്‍ദ്ദിക്കിനെ തിരിച്ചെത്തിച്ചത് തന്നെ രോഹിത്തിന്‍റെ പിന്‍ഗാമിയാക്കാന്‍ വേണ്ടിയായിരുന്നു. അതുകൊണ്ടുതന്നെ മുംബൈ ഇന്ത്യന്‍സിന്‍റെ നീക്കം അപ്രതീക്ഷിതമല്ലെന്ന് കരുതുന്ന ആരാധകരുമുണ്ട്. മുംബൈ ടീമില്‍ എന്തൊക്കെ തുടര്‍ ചലനങ്ങളാകും ഹാര്‍ദ്ദിക്കിന്‍റെ സ്ഥാനാരോഹണം ഉണ്ടാക്കുക എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. 19ന് നടക്കുന്ന ഐപിഎല്‍ ലേലത്തിന് മുന്നോടിയായി ഇന്നലെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെ മാറ്റിയ കാര്യം മുംബൈ ഔദ്യോഗികമായി പുറത്തുവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios