മൂന്ന് മാസത്തിലേറെയായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന മധ്യനിര ബാറ്ററെ ഇന്നാണ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി റിലീസ് ചെയ്തത്.
ബംഗളൂരു: ഐപിഎല്ലിൽ തുടർ തോൽവികളിൽ വലഞ്ഞ മുംബൈ ഇന്ത്യൻസിന് ആശ്വാസ വാർത്ത. കായിക്ഷമത തെളിയിച്ച ലോക ഒന്നാം നമ്പർ ടി20 ബാറ്റർ സൂര്യകുമാർ യാദവ് വൈകാതെ ടീമിനൊപ്പം ചേരും. ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൂര്യ മുംബൈക്ക് വേണ്ടി കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
മൂന്ന് മാസത്തിലേറെയായി ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുന്ന മധ്യനിര ബാറ്ററെ ഇന്നാണ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി റിലീസ് ചെയ്തത്. ബിസിസിഐയും ഡോക്റ്റർമാരും സൂര്യയെ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. .
"സൂര്യ ഇപ്പോൾ ഫിറ്റാണ്. എൻസിഎ അവനെ കുറച്ച് പരിശീലന മത്സരങ്ങളിൽ കളിപ്പിച്ചിരുന്നു. സൂര്യ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തു. അദ്ദേഹത്തിന് മുംബൈ ഇന്ത്യൻസിനൊപ്പം ചേരുന്നതിൽ ഒരു പ്രശ്നവുമില്ല. സൂര്യ മുംബൈയിലേക്ക് മടങ്ങുമ്പോൾ, അവൻ 100 ശതമാനം ഫിറ്റായിരിക്കണമെന്നും കൂടുതൽ മത്സരങ്ങൾ കളിക്കാൻ തയ്യാറാവണമെന്നും ഞങ്ങൾ ആഗ്രഹിച്ചു. ഐപിഎല്ലിനു മുമ്പുള്ള തൻ്റെ ആദ്യ ഫിറ്റ്‌നസ് ടെസ്റ്റിനിടെ അദ്ദേഹത്തിന് 100% ഫിറ്റായിരുന്നില്ല. അതിനാൽ അദ്ദേഹം ബാറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും വേദനയുണ്ടോ എന്ന് നിരീക്ഷിക്കണമായിരുന്നു.” ബിസിസിഐ വൃത്തങ്ങൾ സ്ഥിരീകരിച്ചു, സൂര്യ മൂന്ന് ഫിറ്റ്‌നസ് ടെസ്റ്റുകൾക്ക് വിധേയനാകേണ്ടി വന്നിരുന്നു.
ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 പരമ്പരയ്ക്കിടെയാണ് സൂര്യയുടെ കണങ്കാലിന് പരിക്കേൽക്കുന്നത്. തുടക്കത്തിൽ ഏഴാഴ്ചത്തേക്ക് പുറത്തായിരുന്നു. എന്നിരുന്നാലും, പിന്നീട് മറ്റൊരു പരിക്ക് ഉയർന്നുവരുകയും ഹെർണിയ ഓപ്പറേഷന് വിധേയനാകുകയും ചെയ്തു. ഇതോടെ കൂടുതൽ ദിവസങ്ങൾ നഷ്ടമാവുകയായിരുന്നു.
ഐസിസി റാങ്കിങ്ങിലെ ഒന്നാം നമ്പർ ടി20 ബാറ്ററായ സൂര്യയുടെ വരവ് മുംബൈക്കും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കും ആശ്വാസമാവും. തുടർച്ചയായ മൂന്ന് തോൽവികളോടെ ഐപിഎൽ കാമ്പെയ്ൻ ആരംഭിച്ച മുംബൈ ഇന്ത്യൻസിന് അവസാന പ്രതീക്ഷയാണ് സൂര്യ.
