മുംബൈ: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റിന് മുന്നോടിയായുള്ള ടി20 പരിശീലന മത്സരത്തില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ഇടം കൈയന്‍ മീഡിയം പേസറുമായ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറിനെതിരെ ഒരോവറില്‍ 21 റണ്‍സടിച്ച് സൂര്യകുമാര്‍ യാദവ്. 47 പന്തില്‍ 120 റണ്‍സടിച്ച സൂര്യകുമാര്‍ യാദവ് ഐപിഎല്ലിലെ മിന്നുന്ന ഫോം തുടര്‍ന്നു.

ആദ്യ രണ്ടോവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ അര്‍ജ്ജുന്‍ തന്‍റെ മൂന്നാം ഓവറിലാണ് സൂര്യകുമാറിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞത്. ഒരോവറില്‍ 21 റണ്‍സ് വഴങ്ങിയിട്ടും അര്‍ജ്ജുന്‍ മത്സരത്തിലാകെ നാലോവറില്‍ 33 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റെടുക്കുകയും ചെയ്തു.

മത്സരത്തില്‍ സൂര്യകുമാര്‍ നയിച്ച ടീം  ബി യുവതാരം യശസ്വി ജയ്‌സ്വാള്‍ ടീം ഡിക്കെതിരെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സടിച്ചുകൂട്ടി. 10 ഫോറും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്‍റെ ഇന്നിംഗ്സ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി 14 കളികളില്‍ 480 റണ്‍സടിച്ച സൂര്യകുമാറിനെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയത് ചര്‍ച്ചയായിരുന്നു.