Asianet News MalayalamAsianet News Malayalam

സൂര്യകുമാര്‍ യാദവ് ഐസിസിയുടെ ടി20 താരം

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമില്‍ 55 പന്തില്‍ 117 റണ്‍സടിച്ച സൂര്യയുടെ പ്രകടനം ടി20 ക്രിക്കറ്റില്‍ സമീപകാലത്തെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 31-3 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ വിജയത്തിന് അടുത്തെത്തിക്കാന്‍ സൂര്യക്കായി.

Suryakumar Yadav named ICC Mens T20I Cricketer of the Year
Author
First Published Jan 25, 2023, 6:17 PM IST

ദുബായ്: ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച ടി20 താരമായി സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്തു. 2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവ് രണ്ട് വര്‍ഷത്തിനുള്ളിലാണ് ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് സൂര്യകുമാര്‍ യാദവ്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമില്‍ 55 പന്തില്‍ 117 റണ്‍സടിച്ച സൂര്യയുടെ പ്രകടനം ടി20 ക്രിക്കറ്റില്‍ സമീപകാലത്തെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 31-3 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ വിജയത്തിന് അടുത്തെത്തിക്കാന്‍ സൂര്യക്കായി. അതിന് പിന്നാലെ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ അര്‍ധസെഞ്ചുറികള്‍ നേടി. ടി20 ലോകകപ്പില്‍ കളിച്ച ആറ് ഇന്നിംഗ്സുകളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ അടക്കം 60 റണ്‍സ് ശരാശരിയില്‍ 189.68 പ്രഹരശേഷിയിലാണ് സൂര്യ റണ്ണടിച്ചു കൂട്ടിയത്.

ഐതിഹാസികം; കപില്‍ ദേവിന്‍റെയും ജസ്‌പ്രീത് ബുമ്രയുടേയും നേട്ടത്തിനൊപ്പം മുഹമ്മദ് സിറാജ്

നെതര്‍ലന്‍ഡ്സിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും സിംബാബ്‌വെക്കെതിരെയും ആയിരുന്നു സൂര്യ ലോകകപ്പില്‍ അര്‍ധസെഞ്ചുറികള്‍ നേടിയത്. കഴിഞ്ഞ വര്‍ഷം ആകെ രണ്ട് സെഞ്ചുറികളും ഒമ്പത് അര്‍ധസെഞ്ചുറികളും നേടിയ സൂര്യ ഈ വര്‍ഷം ആദ്യം ആദ്യം ശ്രീലങ്കക്കെതിരെയും സെഞ്ചുറി നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ 31 മത്സരങ്ങളില്‍ 187.43 പ്രഹരശേഷിയില്‍ 1164 റണ്‍സാണ് സൂര്യ അടിച്ചു കൂട്ടിയത്. ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സിലേറെ നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് സൂര്യകുമാര്‍. പാക് താരം മുഹമ്മദ് റിസ്‌വാനാണ് ഈ റെക്കോര്‍ഡ് ആദ്യം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 68 സിക്സുകളാണ് ടി20യില്‍ സൂര്യ അടിച്ചെടുത്തത്. ടി20 ചരിത്രത്തില്‍ ഒരുവര്‍ഷം ബാറ്റര്‍ നേടുന്ന ഏറ്റവും കൂടുതല്‍ സിക്സുകളെന്ന റെക്കോര്‍ഡും ഇതോടെ സൂര്യ സ്വന്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios