മുപ്പത്തിരണ്ടുകാരനായ സൂര്യകുമാര്‍ 51 ട്വന്റി 20യില്‍ മൂന്ന് സെഞ്ച്വറിയോടെ നേടിയത് 1780 റണ്‍സ്. എന്നാല്‍ 26 ഏകദിനത്തില്‍ നിന്ന് നേടിയത് 511 റണ്‍സ് മാത്രവും.

ഫ്‌ളോറിഡ: ടി20യില്‍ ഏറ്റവും അപകടകാരിയായ ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. തകര്‍ത്തടിക്കുന്ന സൂര്യകുമാര്‍ ഏറെ നാളുകളായി ഐസിസി ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമന്‍. എന്നാല്‍ ഏകദിനത്തിലേക്ക് വരുമ്പോള്‍ സൂര്യകുമാറിന് ഈ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്ന് ഏകദിനത്തിലും പൂജ്യത്തിന് പുറത്ത്. വിന്‍ഡീസിനെതിരായ മൂന്ന് ഏകദിനത്തില്‍ 14.11 ശരാശിയില്‍ നേടിയത് 78 റണ്‍സ് മാത്രം.

ഇപ്പോള്‍ തന്റെ ഏകദിന പ്രകടനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സൂര്യകുമാര്‍. മത്സരപരിചയത്തിന്റെ കുറവുണ്ടെന്നാണ് സൂര്യകുമാര്‍ പറയുന്നത്. താരത്തിന്റെ വിശദീകരണമിങ്ങനെ... ''ഏകദിന ക്രിക്കറ്റ് തനിക്ക് വെല്ലുവിളിയാണെന്നുളളതില്‍ സംശയമൊന്നുമില്ല. മത്സര പരിചയത്തിന്റെ കുറവ് തിരിച്ചടിയാണ്. എന്നാല്‍ എങ്ങനെ പുരോഗതിയുണ്ടാക്കാമെന്നതിനെ കുറിച്ച് കോച്ച് രാഹുല്‍ ദ്രാവിഡുമായും ക്യാപറ്റന്‍ രോഹിത് ശര്‍മയുമായി സംസാരിക്കാറുണ്ട്.

ഏകദിന ഫോര്‍മാറ്റില്‍ ഞാന്‍ അധികം കളിച്ചിട്ടില്ലെന്നാണ് ഇരുവരും പറയുക. കൂടുതല്‍ കളിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നും 10-15 ഓവറുകള്‍ ക്രീസില്‍ പിടിച്ചുനിന്നാല്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്നും ഇരുവരും ഉപദേശിക്കാറുണ്ട്. ഇനിയെല്ലാം എന്റെ കൈകളിലാണ്, ഞാനാണ് അവസരങ്ങള്‍ മുതലാക്കേണ്ടത്.'' സൂര്യകുമാര്‍ പറഞ്ഞു. കൃത്യമായ ഒരുക്കങ്ങളോടെയാണ് ഇന്ത്യ ലോകകപ്പില്‍ കളിക്കുകയെന്നും സൂര്യകുമാര്‍ യാദവ് കൂട്ടിചേര്‍ത്തു.

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: പാകിസ്ഥാനെ ഗോളില്‍ മുക്കി ഇന്ത്യ സെമിയില്‍; ഹര്‍മന്‍പ്രീതിന് ‍ഡബിള്‍

മുപ്പത്തിരണ്ടുകാരനായ സൂര്യകുമാര്‍ 51 ട്വന്റി 20യില്‍ മൂന്ന് സെഞ്ച്വറിയോടെ നേടിയത് 1780 റണ്‍സ്. എന്നാല്‍ 26 ഏകദിനത്തില്‍ നിന്ന് നേടിയത് 511 റണ്‍സ് മാത്രവും. വീന്‍ഡിസിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് സൂര്യയുടെ ഇന്നിംഗ്‌സായിരുന്നു. 160 റണ്‍സ് വിജയം, സൂര്യയുടെ (44 പന്തില്‍ 83) കരുത്തില്‍ ഇന്ത്യ 17.5 ഓവറില്‍ മറികടക്കുകയായിരുന്നു. തിലക് വര്‍മ (49) പുറത്താവാതെ നിന്നു.