Asianet News MalayalamAsianet News Malayalam

കാര്യവട്ടത്ത് സൂര്യോദയം; അടിപൂരവുമായി സൂര്യകുമാര്‍ യാദവിന് ഇരട്ട റെക്കോര്‍ഡ്

ഗ്രീന്‍ഫീല്‍ഡില ഇന്നിംഗ്‌സോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 റണ്‍സ് നേടുന്ന ഇന്ത്യക്കാരന്‍ എന്ന നേട്ടം സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി

Suryakumar Yadav surpasses Shikhar Dhawan and Mohammad Rizwan records in IND vs SA 1st T20I
Author
First Published Sep 29, 2022, 7:20 AM IST

കാര്യവട്ടം: ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയും ഇന്ത്യയുടെ വമ്പന്‍മാരായ രോഹിത് ശര്‍മ്മയും വിരാട് കോലിയും ബാറ്റ് മുറുകെപ്പിടിക്കാന്‍ പാടുപെട്ടൊരു മൈതാനത്ത് താണ്ഡവമാടുക. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റര്‍ എന്ന വിശേഷണങ്ങള്‍ അരക്കിട്ടുറപ്പിച്ച് തകര്‍ത്താടുകയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ഇതോടെ രണ്ട് തകര്‍പ്പന്‍ റെക്കോര്‍ഡുകളാണ് സൂര്യ സ്വന്തമാക്കിയത്. 

ഗ്രീന്‍ഫീല്‍ഡിലെ ഇന്നിംഗ്‌സോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ടി20 റണ്‍സ് നേടുന്ന ഇന്ത്യക്കാരന്‍ എന്ന നേട്ടം സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി. ശിഖര്‍ ധവാന്‍ 2018ല്‍ നേടിയ 689 റണ്‍സിന്‍റെ റെക്കോര്‍ഡ് മറികടന്ന സൂര്യ തന്‍റെ സമ്പാദ്യം 732ല്‍ എത്തിച്ചു. 21 മത്സരങ്ങളില്‍ 40.66 ശരാശരിയിലും 180.29 സ്‌ട്രൈക്ക് റേറ്റിലുമാണ് സൂര്യകുമാറിന്‍റെ റണ്‍വേട്ട. 2016ല്‍ 641 റണ്‍സ് നേടിയ വിരാട് കോലിയാണ് മൂന്നാമത്. രാജ്യാന്തര ടി20യില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സുള്ള താരവും സ്കൈ തന്നെ. 

മത്സരത്തിലെ ആദ്യ സിക്‌സോടെ മറ്റൊരു നേട്ടവും സൂര്യയെ തേടിയെത്തി. രാജ്യാന്തര ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്‌‌വാന്‍റെ റെക്കോര്‍ഡ് സൂര്യകുമാര്‍ മറികടന്നു. റിസ്‌വാന്‍ സ്വപ്‌ന ഫോമില്‍ കളിച്ച 2021ല്‍ നേടിയ 42 സിക്‌സുകളുടെ റെക്കോര്‍ഡാണ് സൂര്യകുമാര്‍ മറികടന്നത്. കഴിഞ്ഞ വര്‍ഷം തന്നെ 41 സിക്‌സുകള്‍ നേടിയ കിവീസ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് മൂന്നാം സ്ഥാനത്ത്. 

കാര്യവട്ടം ടി20 ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചുറി നേടി. ഏഴ് ഓവറില്‍ 2 വിക്കറ്റിന് 17 റണ്‍സ് എന്ന നിലയില്‍ ടീം നില്‍ക്കേ നാലാമനായി ക്രീസിലെത്തിയ താരം നേരിട്ട ആദ്യ മൂന്ന് പന്തില്‍ രണ്ട് സിക്‌സര്‍ നേടിയതാണ് ഇന്ത്യന്‍ ബാറ്റിംഗിന് ഊര്‍ജമായത്. മത്സരം 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ സൂര്യ 33 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സുമായി പുറത്താകാതെ നിന്നു. 56 പന്തില്‍ കെ എല്‍ രാഹുല്‍ 51 റണ്‍സെടുത്തു. 

ബാറ്റിം​ഗ് പിച്ചിന് ശ്രമിച്ചു, പക്ഷേ...; കാര്യവട്ടത്തെ പിച്ച് ഒരുക്കിയ ക്യുറേറ്ററുടെ പ്രതികരണം

Follow Us:
Download App:
  • android
  • ios