ഇതുവരെ തോല്‍വിയറിയാതെ മുന്നേറിയ ഹൈദരാബാദിന് തമിഴ്നാടിനെതിരെ കാലിടറി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത തമിഴ്നാട് നായകന്‍ വിജയ് ശങ്കറിന്‍റെ തീരുമാനം ശരിവെച്ച് തമിഴ്നാട് ബൗളര്‍മാര്‍ ഹൈദരാബാദിനെ 18.3 ഓവറില്‍ 90 റണ്‍സിന് ഓള്‍ ഔട്ടാക്കി

ദില്ലി: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണെന്‍റ്(Syed Mushtaq Ali Trophy 2021-22) ഫൈനലില്‍ കര്‍ണാടക(Karnataka), തമിഴ്നാടിനെ(Tamilnadu) നേരിടും. ആദ്യ സെമിയില്‍ തമിഴ്നാട് ഹൈദരാബാദിനെ(Hyderabad) എട്ടു വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ രണ്ടാം സെമിയില്‍ വിദര്‍ഭയെ(Vidarbha) നാലു റണ്‍സിന് വീഴ്ത്തിയാണ് കര്‍ണാടക ഫൈനലിലെത്തിയത്. തിങ്കളാഴ്ചയാണ് ഫൈനല്‍.

ഇതുവരെ തോല്‍വിയറിയാതെ മുന്നേറിയ ഹൈദരാബാദിന് തമിഴ്നാടിനെതിരെ കാലിടറി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത തമിഴ്നാട് നായകന്‍ വിജയ് ശങ്കറിന്‍റെ തീരുമാനം ശരിവെച്ച് തമിഴ്നാട് ബൗളര്‍മാര്‍ ഹൈദരാബാദിനെ 18.3 ഓവറില്‍ 90 റണ്‍സിന് ഓള്‍ ഔട്ടാക്കി. 24 പന്തില്‍ 25 റണ്‍സെടുത്ത തനയ് ത്യാഗരാജന്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കടന്ന ഏക ബാറ്റര്‍.

ഹൈദരാബാദ് നായകന്‍ തന്‍മയ് അഗര്‍വാള്‍(1), ഫോമിലുള്ള തിലക് വര്‍മ(8) എന്നിവര്‍ നിരാശപ്പെടുത്തിയത് ഹൈദരാബാദിന് തിരിച്ചടിയായി. 6.2 ഓവറില്‍ 30-5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഹൈദരാബാദിനെ ത്യാഗരാജനും ചാമ മിലിന്ദും(8) ചേര്‍ന്നാണ് 50 കടത്തിയത്. തമിഴ്നാടിനായി 3.3 ഓവറില്‍ 21 റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത ശരവണ കുമാറാണ് ബൗളിംഗില്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ ഹരീഷ് നിശാന്തും(14), എന്‍ ജഗദീഷനും(1) തുടക്കത്തിലെ മടങ്ങിയെങ്കിലും സായ് സുദര്‍ശനും(34), ക്യാപ്റ്റന്‍ വിജയ് ശങ്കറും(43) ചേര്‍ന്ന് തമിഴ്നാടിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

ആവേശപ്പോരില്‍ കര്‍ണാടക

ഇന്ന് നടന്ന രണ്ടാം സെമിയില്‍ ആവേശപ്പോരാട്ടത്തിനൊടുവിലാണ് കര്‍ണാടകം വിദര്‍ഭയെ മറികടന്ന് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക ഓപ്പണര്‍ രോഹന്‍ കദമിന്‍റെയും(56 പന്തില്‍ 87) ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയുടെയും(42 പന്തില്‍ 54) അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സടിച്ചു. അഭിനവ് മനോഹര്‍(27) ആണ് കര്‍ണാടക നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍.വിദര്‍ഭ ബൗളര്‍ ദര്‍ശന്‍ നാല്‍കണ്ഡെ ഇന്നിംഗ്സിലെ അവസാന ഓവറില്‍ തുടര്‍ച്ചയായ നാലു പന്തില്‍ നാലു വിക്കറ്റെടുത്ത് തിളങ്ങി. ഇരുപതാം ഓവറിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് പന്തുകളിലായിരുന്നു നാല്‍കണ്ഡെ വിക്കറ്റെടുത്തത്.

Scroll to load tweet…

മറുപടി ബാറ്റിംഗില്‍ വിദര്‍ഭക്കായി ബാറ്റര്‍മാരെല്ലാം ഒരുപോലെ പൊരുതിയെങ്കിലും വിജയവര കടക്കാനായില്ല. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു വിദര്‍ഭക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ വിദ്യാദര്‍ പാട്ടീല്‍ 12 പന്തില്‍ 22 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന അക്ഷയ് കര്‍നെവാറിനെ പുറത്താക്കിയതോടെ വിദര്‍ഭയുടെ പ്രതീക്ഷ നഷ്ടമായി. 16 പന്തില്‍ 32 റണ്‍സെടുത്ത ഓപ്പണര്‍ അഥര്‍വ ടൈഡെ ആണ് വിദര്‍ഭയുടെ ടോപ് സ്കോറര്‍. ഗണേഷ് സതീഷ്(31), ശുഭം ദുബെ(24), അപൂര്‍വ വാംഖഡെ(27),അക്ഷയ് കര്‍നെവാര്‍(22) എന്നിവരും വിദര്‍ഭക്കായി പൊരുതി. കര്‍ണാടകക്കായി കെ സി കരിയപ്പ രണ്ട് വിക്കറ്റെടുത്തു.