ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ റെയില്‍വേസിനായി ഓപ്പണര്‍മാരായ ശിവം ചൗധരിയും ആകാശ് പാണ്ഡെയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്.

ലക്നോ: മുഷ്താഖ് അലി ടി20 ട്രോഫിയില്‍ റെയില്‍വേസിനെതിരെ കേരളത്തിന് 150 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. 32 റണ്‍സെടുത്ത നവനീത് വിര്‍ക് ആണ് റെയില്‍വേസിന്‍റെ ടോപ് സ്കോറര്‍. രവി സിംഗ് 25 റണ്‍സെടുത്തപ്പോള്‍ ശിവം ചൗധരി 24 റണ്‍സെടുത്തു. കേരളത്തിനായി ഷറഫുദ്ദീനും അഖില്‍ സ്കറിയയും കെ എം ആസിഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ റെയില്‍വേസിനായി ഓപ്പണര്‍മാരായ ശിവം ചൗധരിയും ആകാശ് പാണ്ഡെയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 2.5 ഓവറില്‍ 25 റണ്‍സടിച്ചു. എന്നാല്‍ മൂന്നാം ഓവറിലെ അവസാന പന്തില്‍ ആകാശ് പാണ്ഡെയെ(10) പുറത്താക്കിയ ഷറഫുദ്ദീനാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പവര്‍ പ്ലേയില്‍ തന്നെ ശിവം ചൗധരിയെയും(24) പുറത്താക്കിയ ഷറഫുദ്ദീന്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു.

പവര്‍ പ്ലേക്ക് പിന്നാലെ സുരാജ് അഹൂജെയും(17)മുഹമ്മദ് സൈഫിനെയും(7) കൂടി നഷ്ടമായതോടെ അടിതെറ്റിയ റെയില്‍വേസ് 67-4ലേക്ക് വീണു. പിന്നീട് നവനീത് വിര്‍ക്കും(13) രവി സിംഗും ചേര്‍ന്ന് റെയില്‍വേസിനെ 97 റണ്‍സിലെത്തിച്ചെങ്കിലും പന്ത്രണ്ടാം ഓവറില്‍ രവി സിംഗിനെ(25) മടക്കിയ ആസിഫ് കൂട്ടുകെട്ട് പൊളിച്ചു. പൊരുതി നിന്ന നവനീത് വിര്‍ക്കിനെ(32) ആസിഫിന്‍റെ പന്തില്‍ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ പിടികൂടി. അവസാന ഓവറുകളില്‍ ക്യാപ്റ്റൻ കാണ്‍ ശര്‍മയും ആര്‍ കെ ചൗധരിയും ചേര്‍ന്നാണ് റെയിൽവേസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

കേരളത്തിനായി ആസിഫ് നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷറഫുദ്ദീനും അഖില്‍ സ്കറിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യ മത്സരത്തില്‍ ഒഡീഷയെ കേരളം 10 വിക്കറ്റിന് തകര്‍ത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക