ബംഗലൂരു: മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റ് ഫൈനലില്‍ തമിഴ്‌നാടിനെ ഒരു റണ്ണിന് കീഴടക്കി കര്‍ണാടക ചാമ്പ്യന്‍മാരായപ്പോള്‍ നിര്‍ണായകമയാത് കൃഷ്ണപ്പ ഗൗതം എറിഞ്ഞ അവസാന ഓവറായിരുന്നു. വിജയലക്ഷ്യമായ 181 റണ്‍സിലേക്ക് തമിഴ്‌നാടിന് അവസാന ഓവറില്‍ വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു. ക്രീസിലുള്ളത് അശ്വിനും വിജയ് ശങ്കറും.

ഗൗതമിന്റെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയ അശ്വിന്‍ തമിഴ്നാടിന് അനായാസ ജയമൊരുക്കുമെന്ന് തോന്നിച്ചു. മൂന്നാം പന്തില്‍ റണ്ണൊന്നും നേടാനാവാതിരുന്ന തമിഴ്‌നാടിന് നാലാം പന്തില്‍ സിംഗിളെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ചാം പന്തില്‍ വിജയ് ശങ്കര്‍ റണ്ണൗട്ടായി. ഇതോടെ അവസാന പന്തില്‍ തമിഴ്‌നാടിന് ജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നായി. ശങ്കറിന് പകരം ക്രീസിലെത്തിയത് മുരുഗന്‍ അശ്വിനായിരുന്നു.

എന്നാല്‍ അവസാന പന്തില്‍ മുരുഗന്‍ അശ്വിന് പിഴച്ചു. പാഡില്‍ തട്ടി പിച്ചിന് സമീപം വീണ പന്തില്‍ ഒരു റണ്ണെടുക്കാനെ തമിഴ്‌നാടിനായുള്ളു. രണ്ടാം റണ്ണിനായി തമിഴ്നാട് ശ്രമിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ പന്തെടുത്ത കൃഷ്ണപ്പ ഗൗതം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റ് പിഴുത് വിജയഘാഷത്തിനായി ഓടിയത് ഒരു കൈയില്‍ പന്തുവെച്ച് മറുകൈ കൊണ്ട് വിക്കറ്റ് പിഴുതായിരുന്നു. ഈ സമയം രണ്ടാം റണ്ണിനായി തമിഴ്‌നാട് ശ്രമിച്ചിരുന്നെങ്കില്‍ അനായാസം റണ്ണെടുക്കാനാവുമായിരുന്നു. മത്സരം ടൈയില്‍ എത്തിക്കാനും ആവുമായിരുന്നു

അങ്ങനെ വന്നാല്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടേനെ. എന്നാല്‍ ഇതിനിടെ ഡഗൗട്ടിലുണ്ടായിരുന്ന കര്‍ണാടക താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി വിജയാഘോഷം തുടങ്ങിയതിനാല്‍ ഇക്കാര്യം ക്രീസിലുണ്ടായിരുന്ന അശ്വിന്‍മാരുടെ ശ്രദ്ധയില്‍ പെടാതെ പോയി.