ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ ആറ് താരങ്ങള്‍ക്കാണ് പരമ്പര നേട്ടത്തിന് പിന്നാലെ ആനന്ദ് മഹീന്ദ്ര, പുതിയ ഥാർ എസ്‍യുവി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങള്‍ക്ക് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ സമ്മാനമായി പ്രഖ്യാപിച്ച മഹീന്ദ്രയുടെ പുതിയ ഥാർ എസ്‌യുവി ഇന്ത്യന്‍ പേസറായ ടി നടരാജന് സ്വന്തമായി. സമ്മാനം സ്വീകരിച്ച നടരാജന്‍ ആനന്ദ് മഹീന്ദ്രയോട് നന്ദി പറഞ്ഞതിനൊപ്പം അദ്ദേഹത്തിന് ഗാബ ടെസ്റ്റില്‍ അണിഞ്ഞ ടെസ്റ്റ് ജേഴ്സി കൈയൊപ്പിട്ട് സമ്മാനമായി തിരികെ നല്‍കുമെന്നും ട്വിറ്ററില്‍ കുറിച്ചു. പുതിയ ചുവപ്പ് നിറത്തിലുള്ള ഥാറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും നടരാജന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…

ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ ആറ് താരങ്ങള്‍ക്കാണ് പരമ്പര നേട്ടത്തിന് പിന്നാലെ ആനന്ദ് മഹീന്ദ്ര, പുതിയ ഥാർ എസ്‍യുവി സമ്മാനമായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നടരാജന് പുറമെ മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശുഭ്‍മാന്‍ ഗില്‍, നവദീപ് സെയ്‌നി എന്നിവര്‍ക്കാണ് ആനന്ദ് മഹീന്ദ്ര ഥാര്‍ സമ്മാനമായി പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി കുതിക്കുന്ന വാഹനമാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാര്‍. എ.എക്‌സ്, എല്‍.എക്‌സ് എന്നീ രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളില്‍ ഥാര്‍ നിരത്തുകളില്‍ എത്തിയിട്ടുണ്ട്.

2020 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തിൽ വില പ്രഖ്യാപിച്ച് ബുക്കിംഗും ആരംഭിച്ചു. കൊവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍ ലഭിച്ചത്. വിപണിയിലെത്തി ഒരു മാസത്തിനുള്ളിൽ ഥാര്‍ 20,000 ബുക്കിംഗുകൾ ഥാര്‍ നേടിയിരുന്നു.