Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: ഒമാനെ വീഴ്ത്തി സൂപ്പര്‍ 12 സാധ്യത നിലനിര്‍ത്തി ബംഗ്ലാദേശ്

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 153 റണ്‍സിലൊതുക്കിയ ഒമാന്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയശേഷമാണ് കീഴടങ്ങിയത്. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന്‍ ഒരുഘട്ടത്തില്‍ പതിനൊന്നാം ഓവറില്‍ 81-2ലെത്തി അട്ടിമറി ഭീഷണി ഉയര്‍ത്തിയിരുന്നു.  എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാക്കി ഒമാന്‍ തോല്‍വിയിലേക്ക് വീണു.

T20 World Cup 2021: Bangladesh beat Oman to keep Super 12 hopes alive
Author
Al-Amerat, First Published Oct 19, 2021, 11:29 PM IST

അല്‍ അമീററ്റ്: ടി20 ലോകകപ്പില്‍(T20 World Cup 2021)ഒമാനെ(Oman ) കീഴടക്കി ബംഗ്ലാദേശ്(Bangladesh) സൂപ്പര്‍ 12ലേക്ക് യോഗ്യത നേടാനുള്ള സാധ്യത നിലനിര്‍ത്തി. യോഗ്യത നേടാന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ 26 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്‍റെ ജയം. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 153ന് ഓള്‍ ഔട്ട്, ഒമാന്‍ 20 ഓവറില്‍ 127-9. ആദ്യ മത്സരത്തില്‍ സ്കോട്‌ലന്‍ഡിനോട് ബംഗ്ലാദേശ് അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 153 റണ്‍സിലൊതുക്കിയ ഒമാന്‍ വിജയപ്രതീക്ഷ ഉയര്‍ത്തിയശേഷമാണ് കീഴടങ്ങിയത്. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന്‍ പതിനൊന്നാം ഓവറില്‍ 81-2ലെത്തി അട്ടിമറി ഭീഷണി ഉയര്‍ത്തിയിരുന്നു.  എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാക്കി ഒമാന്‍ തോല്‍വിയിലേക്ക് വീണു.

ഓപ്പണര്‍ അക്വിബ് ഇല്യാസിനെ(6) തുടക്കത്തിലെ നഷ്ടമായ ഒമാനെ ജതീന്ദര്‍ സിംഗും(33 പന്തില്‍ 40), കശ്യപ് പ്രജാപതിയും(18 പന്തില്‍ 21)മികച്ച സ്കോറിലേക്ക് നയിച്ചു. കശ്യപ് മടങ്ങിയശേഷം ക്യാപ്റ്റന്‍ സീഷാന്‍ മസൂദിന്‍റെ(12) പിന്തുണയില്‍ ജതീന്ദര്‍ ഒമാനെ പന്ത്രണ്ടാം ഓവറില്‍ 81 റണ്‍സിലെത്തിച്ചെങ്കിലും സീഷാനെ വീഴ്ത്തി മെഹ്ദി ഹസന്‍ കൂട്ടുകെട്ട് പൊളിച്ചു.

ഇതോടെ കൂട്ടത്തകര്‍ച്ചയിലായ ഒമാന്‍ നിരയില്‍ പിന്നീടാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍  മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ മൊഹമ്മദ് നയീമിന്‍റെ(50 പന്തില്‍ 64) അര്‍ധസെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഷാക്കിബ് അല്‍ ഹസന്‍(29 പന്തില്‍ 42), ക്യാപ്റ്റന്‍ മെഹമ്മദുള്ള(17) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍.

ഒമാന് വേണ്ടി ബിലാല്‍ ഖാനും ഫയാസ് ബട്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഖലീമുള്ള രണ്ട് വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ ഒമാന്‍ പാപ്പുവ ന്യൂ ഗിനിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ ഒമാനും ബംഗ്ലാദേശിനും രണ്ട് പോയിന്‍റ് വീതമാണുള്ളത്. ഒമാന് അവസാന മത്സരത്തില്‍ സ്കോട്‌ലന്‍ഡും ബംഗ്ലാദേശിന് പാപ്പുവ ന്യൂ ഗിനിയയുമാണ് എതിരാളികള്‍.

Follow Us:
Download App:
  • android
  • ios