ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും വിക്കറ്റെടുത്ത് ഹാട്രിക്ക് തികച്ച റബാദ ഇംഗ്ലണ്ടിന്‍റെ വിജയം തടഞ്ഞെങ്കിലും ടീമിനെ സെമിയിലത്തിക്കാന്‍ ആ പ്രകടനം മതിയാവാതെ വന്നു. ഇംഗ്ലണ്ടിനെ 131 റണ്‍സിന് പുറത്താക്കിയാല്‍ മാത്രമെ ദക്ഷിണാഫ്രിക്കക്ക് ഓസ്ട്രേലിയയെ നെറ്റ്  റണ്‍റേറ്റില്‍ മറികടന്ന് സെമിയിലെത്താന്‍ അവസരമുണ്ടായിരുന്നുള്ളു.

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup) ഗ്രൂപ്പ് ഒന്നില്‍ന്നുള്ള സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ(England) തിരെ 10 റണ്‍സിന്‍റെ ആവേശജയം കുറിച്ചിട്ടും ദക്ഷിണാഫ്രിക്ക(South Africa) സെമിയിലെത്താതെ പുറത്ത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാന ഓവര്‍ വരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയിട്ടും അവസാന ഓവറില്‍ കാഗിസോ റബാദയുടെ(Kagiso Rabada) ഹാട്രിക്കിന് മുന്നില്‍ തകര്‍ന്ന് 10 റണ്‍സിന് തോറ്റു.

ജയിക്കാന്‍ 14 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിലും വിക്കറ്റെടുത്ത് ഹാട്രിക്ക് തികച്ച റബാദ ഇംഗ്ലണ്ടിന്‍റെ വിജയം തടഞ്ഞെങ്കിലും ടീമിനെ സെമിയിലത്തിക്കാന്‍ ആ പ്രകടനം മതിയാവാതെ വന്നു. ഇംഗ്ലണ്ടിനെ 131 റണ്‍സിന് പുറത്താക്കിയാല്‍ മാത്രമെ ദക്ഷിണാഫ്രിക്കക്ക് ഓസ്ട്രേലിയയെ നെറ്റ് റണ്‍റേറ്റില്‍ മറികടന്ന് സെമിയിലെത്താന്‍ അവസരമുണ്ടായിരുന്നുള്ളു. ദക്ഷിണാഫ്രിക്ക 10 റണ്‍സിന്‍റെ നേരിയ ജയം നേടിയതോടെ ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയയും സെമിയിലെത്തി. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 189-2, ഇംഗ്ലണ്ട് 20 ഓവറില്‍ 179-8. ഗ്രൂപ്പ് ഒന്നില്‍ നിന്ന് ഇംഗ്ലണ്ടും ഓസ്ട്രേലിയും ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാക്കിസ്ഥാനുമാണ് ഇതുവരെ സെമി ഉറപ്പിച്ച ടീമുകള്‍.

വെടിക്കെട്ട് തുടക്കം

വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോസ് ബട്‌ലറും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നാലോവറില്‍ 37 റണ്‍സടിച്ചു. എന്നാല്‍ തുടയിലെ പേശിവലിവിനെ തുടര്‍ന്ന് ജേസണ്‍ റോയ്(15 പന്തില്‍ 20) റിട്ടേയേര്‍ഡ് ഹര്‍ട്ടായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. റോയിക്ക് ലോകകപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാനാവില്ലെന്നാണ് സൂചന.

റോയിക്ക് പകരമെത്തിയ മൊയീന്‍ അലിയും മോശമാക്കിയില്ല. 5.3 ഓവറില്‍ 58 റണ്‍സില്‍ നില്‍ക്കെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. 15 പന്തില്‍ 26 റണ്‍സെടുത്ത ബട്‌ലറെ മടക്കി ആന്‍റിച്ച് നോര്‍ട്യ ആണ് ദക്ഷിണാഫ്രിക്കക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. തൊട്ടുപിന്നാലെ ജോണി ബെയര്‍സ്റ്റോയെ(0) തബ്രൈസ് ഷംസി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇംഗ്ലണ്ട് ഒന്ന് പതറി.

തകര്‍ത്തടിച്ച് അലിയും മലനും ലിവിംഗ്സ്റ്റണും

രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും മൊയീന്‍ അലിയും ഡേവിഡ് മലനും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട സ്കോര്‍ കുതിച്ചു. പന്ത്രണ്ടാം ഓവറില്‍ ഇംഗ്ലണ്ട് 100 കടന്നു. മൊയീന്‍ അലിയെ(27 പന്തില്‍ 37) പുറത്താക്കി ഷംസി വീണ്ടും ഇംഗ്ലണ്ടിന് തിരിച്ചടി നല്‍കി. ഡേവിഡ് മലനും ലിയാം ലിവിംഗ്‌സ്റ്റണും തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷയായി. റബാദയുടെ ഒരോവറില്‍ മൂന്ന് സിക്സുകള്‍ പറത്തി ലിവിംഗ്‌സ്റ്റണ്‍ ദക്ഷിണാഫ്രിക്കയെ സെമിയില്‍ നിന്ന് അടിച്ചു പറത്തി. തൊട്ടുപിന്നാലെ മലനെ(26 പന്തില്‍ 33) പ്രിട്ടോറിയസ് വീഴ്ത്തി.

റബാദയുടെ ഹാട്രിക്കില്‍ വിജയവര കടന്ന് ദക്ഷിണാഫ്രിക്ക

അവസാന രണ്ടോവറില്‍ 25 റണ്‍സും റബാദ എറിഞ്ഞ അവസാന ഓവറില്‍ 14 റണ്‍സുമായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ മൂന്നോവറില്‍ 45 റണ്‍സ് വഴങ്ങിയ റബാദ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തില്‍ ക്രിസ് വോക്സിനെയും(7), ഓയിന്‍ മോര്‍ഗനെയും(12 പന്തില്‍ 17), ക്രിസ് ജോര്‍ദാനെയും വീഴ്ത്തി ഹാട്രിക്ക് തികച്ചതോടെ ഇംഗ്ലണ്ടിന്‍റെ ജയപ്രതീക്ഷ മങ്ങി. മൂന്ന് റണ്‍സ് മാത്രമാണ് റബാദ ഓവസാന ഓവറില്‍ വഴങ്ങിയത്. 10 റണ്‍സിന് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ 12ലെ ആദ്യ തോല്‍വി വഴങ്ങിയെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തി. ദക്ഷിണാഫ്രിക്കക്കായി റബാദ നാലോവറില്‍ 48 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ തബ്രൈസ് ഷംസി നാലോവറില്‍ 24 റണ്‍സിന് രണ്ടും പ്രിട്ടോറിയസ് മൂന്നോവറില്‍ 30 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക റാസി വാന്‍ഡര്‍ ദസ്സന്‍റെയും(Rassie van der Dussen) ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെയും(Aiden Markram) തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തത്. 60 പന്തില്‍ 94 റണ്‍സെടുത്ത വാന്‍ഡര്‍ ദസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മാര്‍ക്രം 25 പന്തില്‍ 52 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി മൊയീന്‍ അലിയും ആദില്‍ റഷീദും ഓരോ വിക്കറ്റെടുത്തു.